അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.
ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു.
ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.
കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ വിമർശനവും ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർത്തി. കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു.