ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശമായ വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും പുനരധിവാസത്തിന് പദ്ധതി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. വയനാട് പുനരധിവാസത്തിത്തിന്റെ ഒന്നാം ഘട്ടത്തിനായി ബജറ്റില്‍ 750 രൂപ നീക്കിവെച്ചു. പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2025 നെ കേരളം സ്വാഗതം ചെയ്യുന്നത് മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസം പ്രഖ്യാപിച്ചുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ സങ്കടക്കടലിലാക്കിയ അതീതീവ്ര ദുരന്തമാണ് മുണ്ടക്കൈ- ചൂരല്‍മലയില്‍ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. 254 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2007 വീടുകള്‍ തകരുകയും ആയിരക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാവുകയും ചെയ്തു. 1202 കോടിയാണ് ദുരന്തം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക്. പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
2025-26 ലെ കേന്ദ്ര ബജറ്റില്‍ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തും എന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു.
ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.