തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ പ്രത്യേകപാക്കേജ് നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 50 കോടി അധികം അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചു. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരവും പ്രതിരോധവുമായി വനം, വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി വികസനത്തിന് പുറമെ വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും ഇത്. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക.
സംസ്ഥാനത്ത് നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബന്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവിടങ്ങളിലെ വീടുകൾ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും.