തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്കുകള്‍ വരുമെന്ന് ധനമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയിൽ ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴി ലാഭകരമായ പ്രവർത്തനം നടത്താനാകുമെന്നും കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
കൊല്ലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തിൽ ഒരു ഐ.ടി. പാർക്ക് സ്ഥാപിക്കും. കിഫ്ബിയും കിൻഫ്രയും കൊല്ലം കോർപ്പറേഷനുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് രൂപംനൽകുക. 2025-26ൽ ആദ്യഘട്ട പാർക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയിലെ രവിനഗറിൽ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാർക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും നിർദ്ദിഷ്ട ഐ.ടി. പാർക്ക്.
കണ്ണൂർ വിമാനത്താവളത്തിനു സമീപം 25 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഐടി പാർക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചു. പദ്ധതിക്കുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.