തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞു. ഇതിനായി 25 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതിയും വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. തെരുവുനായ അക്രമം തടയാൻ എബിസി കേന്ദ്രങ്ങൾക്ക് രണ്ട് കോടി അനുവദിച്ചു.
കേരളത്തിലെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം മേഖലയിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സർക്കാർ നിയമനിർമാണം നടത്താൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി കേരള നാട്ടുവൈദ്യ, പരമ്പരാഗത കമ്മീഷൻ രൂപീകരിക്കാനും കേരള നാട്ടുവൈദ്യ പരമ്പരാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായാണ് ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ ഒരു കോടി രൂപ മാറ്റിവെച്ചു.