തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പുതിയ പ്രഖ്യാപനം.
അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എംഎൽഎമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്നും പ്രഖ്യാപിച്ചു. ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോലഗോപാൽ. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.