തിരുവനന്തപുരം: എല്ലാ ജനറല്‍ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറല്‍ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 കോടി ബജറ്റില്‍ വകയിരുത്തി. കോട്ടയം മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം മേഖലയിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സർക്കാർ നിയമനിർമാണം നടത്താൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി കേരള നാട്ടുവൈദ്യ, പരമ്പരാഗത കമ്മീഷൻ രൂപീകരിക്കാനും കേരള നാട്ടുവൈദ്യ പരമ്പരാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായാണ് ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ ഒരു കോടി രൂപ മാറ്റിവെച്ചു.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റിൽ അനുവദിച്ചു. വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതിയും വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. തെരുവുനായ അക്രമം തടയാൻ എബിസി കേന്ദ്രങ്ങൾക്ക് രണ്ട് കോടി അനുവദിച്ചു.
ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.