Kerala

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 % അധികനികുതി | tax on electric vehicles increased

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതി ഘടനയും ഏകീകരിച്ച് ലഘൂകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും.

ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കിവരുന്നത് 15 ശതമാനം നികുതിയായിരുന്നു. കൂടാതെ, സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിക്കുന്ന 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതി ഘടനയും ഏകീകരിച്ച് ലഘൂകരിക്കും. ഫലത്തില്‍ ഇതിലും നികുതി വര്‍ധന വരും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി കോൺട്രാക്ട് ​ഗാരേജുകളിൽ ടൂറിസ്റ്റുകളുടെ യാത്രാസൗകര്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി പുഷ്ബാക്ക് സീറ്റുള്ള കോൺട്രാക്ട് ​ഗാരേജുകളുടെ ത്രൈമാസ നികുതി കുറയ്ക്കും. മോട്ടോർ വാഹന വകുപ്പ് ഉപയോ​ഗിച്ചുവരുന്ന വാഹൻ സോഫ്റ്റ്വെയറിൽ, കോൺട്രാക്ട് ഗാരേജുകളെ അവയുടെ സീറ്റുകളുടെ തരത്തിനനുസരിച്ച് വേർതിരിക്കാത്തതിനാൽ ഇത്തരം വാഹനങ്ങളുടെ നികുതി നിർണയിക്കുന്നതിലെ സങ്കീർണത ഒഴിവാക്കാൻ സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നികുതി പുനക്രമീകരിക്കും.

കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം ആറു മുതൽ 12 വരെയാണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക്, ഓർഡിനറി 250, പുഷ്ബാക്ക് സീറ്റ് 450, സ്ലീപ്പർ സീറ്റ് 900 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ സീറ്റിനും 350 രൂപയാക്കും. കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 13 മുതൽ 20 വരെയാണെങ്കിൽ, നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 450, 650, 1350 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 600 രൂപയാക്കും.

സീറ്റുകളുടെ എണ്ണം 20 സീറ്റുകൾക്ക് അധികമാണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 650, 900, 1800 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് 900 രൂപയാക്കും. സ്ലീപ്പർ ബർത്തുകൾ ഘടിപ്പിച്ച ഹെവി പാസഞ്ചർ വിഭാ​ഗത്തിൽപ്പെട്ട കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിലവിലുള്ള 1800 രൂപ എന്നത് 1500 രൂപയാക്കി കുറച്ചു. കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതിയിനത്തിൽ സർക്കാരിന് 292 കോടി രൂപയാണ് വാർഷിക വരുമാനം. നികുതി ഏകീകരണത്തോടെ സർക്കാരിന് 15 കോടി രൂപ അധിക വരുമാനം ലഭിക്കും.

അന്യസംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് സ്പെഷ്യൽ പെർമിറ്റെടുത്ത് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതി നിരക്കും ഏകീരിച്ചിട്ടുണ്ട്. ഇവയുടെ ത്രൈമാസ നിരക്ക് ഓർഡിനറി സീറ്റിന് 2250 രൂപയും പുഷ്ബാക്ക് സീറ്റിന് 3000 രൂപയും ആയിരുന്നത് ഏകീകരിച്ച് ത്രൈമാസ നിരക്ക് 2500 രൂപയാക്കും. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളിൽനിന്ന് നികുതിയിനത്തിൽ സർക്കാരിന് 10 കോടി രൂപയാണ് വാർഷിക വരുമാനം. നികുതി ഏകീരണത്തോടെ ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടാവുകയെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ, സ്റ്റേജ് ​ഗാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയിൽ 10 ശതമാനം ഇളവ് നൽകും.