തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് നിലവിലുള്ള കടം നികത്താന്‍ പോലും പുതിയ ബജറ്റില്‍ അനുവദിച്ച തുക തികയില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യര്‍ഥനകള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 500 കോടിയില്‍ 24 ശതമാനം മാത്രമാണ് ചിലവാക്കിയത്. പിന്നെ, എന്താണ് ബജറ്റിന്റെ വിശ്വാസ്യതയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പലസ്ഥാപനങ്ങളുടെയും പദ്ധതികളുടേയും കടം നികത്താന്‍ പോലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക തികയില്ല. കടം തീര്‍ത്താല്‍ പിന്നെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തുക ഉണ്ടാവില്ല. യാതൊരു പ്രസക്തിയും ഈ ബജറ്റിനില്ല. കാരണം അത്രയേറെ സാമ്പത്തിക ബാധ്യതയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൃത്യമായ ഘടനയില്‍ തയ്യാറാക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്നും പലതും വീണ്ടും ആവര്‍ത്തിച്ച് പറയുന്ന സ്ഥിതിയുണ്ടായെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
യാഥാര്‍ത്ഥ്യ ബോധവുമില്ലാത്ത ബജറ്റാണിത്. 170 രൂപയുണ്ടായിരുന്ന റബ്ബറിന്റെ തറവില പത്ത് രൂപകൂട്ടി 180 രൂപയാക്കിയെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് വിപണിയില്‍ റബ്ബറിന് തറവില 208 രൂപയാണ്. വിപണിയിലെ സാഹചര്യം പോലും പഠിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയത്.
ഭൂനികുതി വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ, ഭൂനികുതിയില്‍ വന്‍ കൊള്ളയാണ് നടന്നത്. 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. പാവപ്പെട്ടവരെ പിഴിയുന്നതിന് വേണ്ടിയാണ് ഇത്. അതല്ലാതെ, സര്‍ക്കാരിന് വേറെ വഴിയില്ല.
നികുതി പിരിവില്‍ സര്‍ക്കാര്‍ ഗൗരവതരമായി പരാജയപ്പെട്ടുവെന്ന് വിഡി സതീശന്‍ ആരോപിക്കുന്നു. 2020 മുതലുള്ള വളര്‍ച്ചയുടെ കണക്കാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ് കാലത്തെ സ്ഥിതിയില്‍ നിന്ന് സാധാരണ സ്ഥിതിയിലേക്കുള്ള സ്വാഭാവിക വളര്‍ച്ചമാത്രമാണിത്.
ജലജീവന്‍ മിഷനെ കുറിച്ച് ഒരു പേജ് മുഴുവന്‍ പറഞ്ഞു. 4500 കോടിയാണ് ജലജീവന്‍ മിഷന് കൊടുക്കാനുള്ളത്. സംസ്ഥാന വിഹിതം നല്‍കാത്തത് കൊണ്ട് കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. ജലജീവന്‍ മിഷന്റെ കരാറുകാരെല്ലാം ആത്മഹത്യയുടെ വക്കിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളത് 65000 കോടിയാണ്. ഒരുലക്ഷം കോടിയുടെ പൊതുവായ കടബാധ്യത സര്‍ക്കാരിനുണ്ട്. അത് നികത്താന്‍ പോലും തികയില്ല.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ ഭരണത്തിലുൂടെ കേരളം പത്തിരുപത് വര്‍ഷം പിന്നോട്ടടിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.