Kerala

ഒന്നാം പ്രതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് കുട്ടികളുടെ മുന്നിൽ വച്ച്; മൂത്ത മകൾ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു; വാളയാർ‌ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സിബിഐ കുറ്റപത്രം | walayar case cbi chargesheet

പതിവായി മദ്യസൽക്കാരം നടത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പരാമാർശമുണ്ട്

കൊച്ചി: വാളയാർ കേസിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ രണ്ടാഴ്ചമുൻപ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഒന്നാം പ്രതിയുമായി പെൺകുട്ടികളുടെ അമ്മ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്പിൽ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നുമാണ് കുറ്റപത്രത്തിൽ സിബിഐ പറയുന്നത്. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ കാര്യത്തിൽ തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കൾ കാട്ടിയത്.2017 ജനുവരി 13 നും മാർച്ച് 4നുമായിട്ടാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നിട്ടും മാതാപിതാക്കൾ ഒന്നാം പ്രതി മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങൾ പൊലീസിൽ വെളിപ്പെടുത്തിയില്ല.

പെൺകുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മൂത്തകുട്ടി മധുവിൽനിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസൽക്കാരം നടത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പരാമാർശമുണ്ട്.

ഒന്നാം പ്രതി 2016 ഏപ്രിലിൽ മൂത്തമകളെ അപമാനിക്കുന്നത് അമ്മയും രണ്ടാഴ്ച കഴിഞ്ഞ് പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിക്കുന്നത് പിതാവും കണ്ടിരുന്നെന്നും സിബിഐ പറയുന്നു.

മൂത്ത മകളുടെ മരണശേഷവും അമ്മയും അച്ഛനും ഇളയ പെൺകുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതി മധുവിനെ പുറമേ അമ്മയെ രണ്ടാംപ്രതിയായും പിതാവിനെ മൂന്നാംപ്രതിയായും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിലെ എല്ലാ പ്രതികളെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയതിനെത്തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 2021 ൽ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കേസിൽ ആറ് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുളളത്.