Kerala

ക്രിക്കറ്റ് താരം ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ്: വിശദീകരണവുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍; അച്ചടക്ക ലംഘനം ആര് നടത്തിയാലും മുഖം നോക്കാതെ നടപടിയെന്നും KCA

കേരള ക്രിക്കറ്റ് അസോസിഷന്‍ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, മറിച്ച് അസ്സോസിയേഷനെതിരെ തെറ്റായതും അപകീര്‍ത്തിപരവുമായ പ്രസ്താവന നടത്തിയതിനാണെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീര്‍ത്തികരമായി കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണ്.

കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത അദ്ധ്യായമായിരുന്ന വാതുവെപ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാതുവെയ്പ്പില്‍ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറക്കുകയായിരുന്നു.

കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെങ്കിലും വാതുവെപ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തില്‍ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പടെ ഉള്ള മത്സങ്ങളില്‍ KCA വീണ്ടും അവസരങ്ങള്‍ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാട് കൊണ്ടുമാത്രമാണ്. വാതുവെപ്പില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകള്‍ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്.

ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയില്‍ അസ്സോസിയേഷന്‍ കളിക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു. സഞ്ജു സാംസണ് ശേഷം ഇന്ത്യന്‍ ടീമില്‍ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്‌ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യന്‍ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ജേതാക്കളുടെ ടീമില്‍ ജോഷിത വി.ജെ, അണ്ടര്‍ 19 ടീമില്‍ നജ്ല CMC, പുരുഷ അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാന്‍ എന്നിവര്‍ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു. അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാന്‍ സാധിക്കില്ല. അസ്സോസിയേഷനെതിരെ കളവായ കാര്യങ്ങള്‍ പറഞ്ഞു അപകീത്തി ഉണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണ്.

CONTENT HIGH LIGHTS; Show-cause notice to cricketer Sreesanth: Kerala Cricket Association with explanation; KCA said that action will be taken regardless of who violates the code of conduct