Kerala

ബജറ്റില്‍ പൊതു വിദ്യാഭ്യാസ മേഖല: അധ്യാപകര്‍ക്ക് പരിഷ്‌കാരങ്ങളെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും വിപുലമായ പരിശീലന പരിപാടി

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആകെ 376 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 400ല്‍ അധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2021 മെയ് മാസത്തിനു ശേഷം സര്‍ക്കാര്‍/എയ്ഡഡ് മേഖലകളിലായി മുപ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തി നാല് (30,564) അധ്യാപക നിയമനങ്ങള്‍ നടത്തി. കൂടാതെ 2612 അനദ്ധ്യാപക നിയമനങ്ങളും നടത്തി.

കുടിശ്ശികയായിരുന്ന LSS, USS സ്‌കോളര്‍ഷിപ്പ് തുക ഇനത്തില്‍ രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 27.61 കോടി രൂപ വിതരണം ചെയ്തു. വിദ്യാകിരണം പദ്ധതി വഴി നാല്‍പത്തി ഏഴായിരത്തി അറുന്നൂറ്റി എഴുപത്തിമൂന്ന് (47,673) ലാപ്‌ടോപ്പുകളും ഹൈടെക് പദ്ധതി വഴി പതിനാറായിരത്തി അഞ്ഞൂറ്(16,500) ലാപ്‌ടോപ്പുകളും രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് ഈ ഗവണ്‍മെന്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായും കാലികമായും പരിഷ്‌കരിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് നാലുവര്‍ഷ ബിരുദ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിതുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിലും സിലബസും കരിക്കുലവും ബോധന രീതികളും ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ക്കനു സരിച്ച് പരിഷ്‌കരിക്കുകയാണ്. മാറ്റങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നതിന് കേരളത്തിലെ സ്‌കൂള്‍ അധ്യാപകര്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും പരിഷ്‌കാരങ്ങളെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.

ഇതിനായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 5 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 2 കോടി രൂപയും ഉള്‍പ്പെടെ 7 കോടി രൂപ നീക്കിവെക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ അടങ്കല്‍ തുകയായി 2391.13 കോടി രൂപ വകയിരുത്തുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 111.84 കോടി രൂപ അധികമാണ്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1083.82 കോടി രൂപ നീക്കി വയ്ക്കുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 84.28 കോടി രൂപ വകയിരുത്തി. സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സൗഹൃദ ശുചിമുറികള്‍, മൂത്രപ്പുരകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബ്ലോക്കുകള്‍/മുറികള്‍ നിര്‍മ്മിക്കുന്നതിന് 60 കോടി രൂപ നീക്കിവയ്ക്കുന്നുവെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

CONTENT HIGH LIGHTS;Public Education Sector in Budget: Extensive training program for teachers on reforms and teaching methods