Tech

ഐഫോണ്‍ എസ്ഇ 4 വരുന്നത് വമ്പിച്ച അപ്‌ഡേറ്റുകളുമായി; ചിപ്പ് മുതൽ ഡിസൈൻ വരെ അടിമുടി മാറും | Apple

ഫീച്ചറുകളുടെ കാര്യത്തിലും 'എൻട്രി ലെവൽ' എന്ന വിശേഷണവും ഐഫോണ്‍ എസ്ഇ സീരീസിനുണ്ടായിരുന്നു

കാലിഫോര്‍ണിയ: ഐഫോണുകള്‍ വാങ്ങുക എല്ലാവര്‍ക്കും എളുപ്പമല്ലാതിരുന്ന കാലത്താണ് 2016ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. 2020ലും 2022ലും എസ്ഇ സീരീസിലെ പിന്‍ഗാമികള്‍ പുറത്തിറങ്ങി. ഇതേ സെഗ്മെന്‍റിലുള്ള മറ്റ് കമ്പനികളുടെ മൊബൈല്‍ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്ഇ ഫോണിന് വിലയധികമായിരുന്നെങ്കിലും കീശയ്ക്ക് ഉതകുന്ന ഐഫോണ്‍ എന്ന ഖ്യാതി എസ്ഇ സീരീസ് നേടുന്നതാണ് ടെക് ലോകം പിന്നീട് കണ്ടത്. ഫീച്ചറുകളുടെ കാര്യത്തിലും ‘എൻട്രി ലെവൽ’ എന്ന വിശേഷണവും ഐഫോണ്‍ എസ്ഇ സീരീസിനുണ്ടായിരുന്നു. എന്നാല്‍ ഈ ചരിത്രം ഐഫോണ്‍ എസ്ഇ 4 (നാലാം തലമുറ) വരുന്നതോടെ മാറുമെന്നതാണ് വഴിത്തിരിവ്.

2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ എസ്ഇ നാലാം തലമുറ ഫോണ്‍ വിപണിയിലേക്ക് എത്തുന്നത് വമ്പിച്ച അപ്‌ഡേറ്റുകളോടെയാണ്. അതിനാല്‍ തന്നെ ഫോണിന്‍റെ വിലയും അല്‍പമൊന്ന് ഉയരും. എന്‍ട്രി-ലെവല്‍ ഐഫോണ്‍ എന്ന ടാഗ് ഐഫോണ്‍ എസ്ഇ 4ല്‍ നിന്നും ഇതോടെ അപ്രത്യക്ഷമാകും. ഐഫോണ്‍ എസ്ഇ 4ല്‍ പ്രതീക്ഷിക്കുന്ന പ്രധാന അപ്‌ഡേറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചിപ്പ്

എ15 ചിപ്പിലായിരുന്നു ഐഫോണ്‍ എസ്ഇ 3 ആപ്പിള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ എസ്ഇ 4ല്‍ ഉള്‍പ്പെടുത്തുന്നത് ഐഫോണ്‍ 16 സിരീസ് ഫ്ലാഗ്ഷിപ്പുകളില്‍ ഉപയോഗിച്ച എ18 ചിപ്പ്‌സെറ്റായിരിക്കും എന്നാണ് വിവരം. ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരുത്ത് ഫോണിന് നല്‍കുന്നതായിരിക്കും ഈ ചിപ്പ്. മാത്രമല്ല, ബാറ്ററി ലൈഫ് ഉയര്‍ത്താനും ഈ പ്രൊസസര്‍ ഉപകരിക്കും.

ക്യാമറ

ക്യാമറയിലാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരാനിരിക്കുന്ന മറ്റൊരു പ്രധാന അപ്‌ഡേറ്റ്. മൂന്നാം തലമുറ എസ്ഇ ഐഫോണില്‍ 12 എംപിയുടെ റീയര്‍ ക്യാമറയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ എസ്ഇ 4ല്‍ 48 എംപിയായിരിക്കും ഇത്. ഐഫോണ്‍ 16ലെ പ്രധാന റീയര്‍ ക്യാമറയ്ക്ക് സമാനമായിരിക്കും എസ്ഇ4ലെ സിംഗിള്‍ റീയര്‍ ക്യാമറ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറയിലും അപ്‌ഡേറ്റുണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 12 എംപിയുടേതായിരിക്കും മുന്‍ ക്യാമറ എന്ന് സൂചനകളുണ്ട്.

ഡിസൈന്‍

എന്‍ട്രി-ലെവല്‍ ഫോണ്‍ എന്നതുകൊണ്ട് തന്നെ ഐഫോണ്‍ എസ്ഇ മുന്‍ മോഡലുകളില്‍ ഡിവൈസുകളുടെ വലിപ്പം കുറവായിരുന്നു. എന്നാല്‍ ഐഫോണ്‍ എസ്ഇ നാലാം തലമുറ 6.1 ഇഞ്ച് ഫുള്‍ സ്ക്രീന്‍ ഡിസ്‌പ്ലെ പ്രദാനം ചെയ്യും. ഡിസ്പ്ലെയുടെ ക്വാളിറ്റിയിലും ഗുണപരമായ മാറ്റം വരും. ഫോണിന്‍റെ ഡിസൈനിലുമുണ്ടാകും ചേഞ്ച്. ഐഫോണ്‍ 14ന് സമാനമായ ഡിസൈനിലായിരിക്കും ഐഫോണ്‍ എസ്ഇ 4 വരിക. ആപ്പിള്‍ ഇതിനകം വില്‍പന നിര്‍ത്തിയ മൊബൈല്‍ ഫോണ്‍ മോഡലാണ് ഐഫോണ്‍ 14. ഹോം ബട്ടണ്‍ എസ്ഇ 4ല്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.

ബാറ്ററി 

2,018 എംഎഎച്ചിന്‍റെ ബാറ്ററിയിരുന്നു ഐഫോണ്‍ എസ്ഇ 3ല്‍ ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ മുന്‍ മോഡലിലുണ്ടായിരുന്നത് 1,821 mAh ബാറ്ററിയും. എന്നാല്‍ ഐഫോണ്‍ എസ്ഇ 4ല്‍ 3,279 mAh-ന്‍റെ കൂടുതല്‍ കരുത്തുറ്റ ബാറ്ററി പ്രത്യക്ഷപ്പെടും എന്നാണ് റൂമറുകള്‍ പറയുന്നത്. ഐഫോണ്‍ 14ന് സമാനമായ ബാറ്ററി കപ്പാസിറ്റിയാണിത്. അതേസമയം ഐഫോണ്‍ എസ്ഇ4ന്‍റെ ചാര്‍ജര്‍ കപ്പാസിറ്റി എത്രയായിരിക്കും? വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം വരുമോ എന്നീ കാര്യങ്ങളില്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

content highlight : iphone-se-4-coming-with-these-four-premium-updates