Kerala

തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്ക് തന്റെ അഭിഭാഷകര്‍ മറുപടി നല്‍കും: കെ.സി.എയ്‌ക്കെതിരേ പ്രതികരിച്ച് ശ്രീശാന്ത്

കെ.സി.എ വാര്‍ത്താക്കുറിപ്പിനോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. കേരളത്തില്‍ നിന്നുള്ള താരങ്ങളെ ഇനിയും പിന്തുണയ്ക്കും. രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ട്. അതിനു തുരങ്കം വയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്കാകില്ലെന്നും ശ്രീ ശാന്ത് പ്രതികരിക്കുന്നു. കേരള ക്രിക്കറ്റിനെ താന്‍ സ്‌നേഹിക്കുന്നു. നിയമത്തിലും നീതിയിലും വിധിയിലും തനിക്ക് വിശ്വാസം ഉണ്ട്. കേരള ക്രിക്കറ്റിനെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവരെ കുറിച്ച് ആശങ്കയുണ്ട്.

തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്താകുറിപ്പ് ഇറക്കിയവര്‍ ഉത്തരം പറയേണ്ടി വരും. അതിനു അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല. തനിക്കെതിരെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല. തന്റെ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നും ശ്രീശാന്ത് പറയുന്നു. കെ.സി.എയ്‌ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരണം നടത്തിയതിനു പിന്നാലെയാണ് വാര്‍ത്താക്കുറിപ്പിലൂടെ കെ.സി.എ ശ്രീശാന്തിനെതിരേ ആഞ്ഞടിച്ചത്. തൊട്ടു പിന്നാലെയായിരുന്നു ശ്രീശാന്തിന്റെ മറുപടിയും. ഇതോടെ കേരളാ ക്രിക്കറ്റ് വീണ്ടും വിവാദങ്ങളുടെ പടു കുഴിയിലേക്ക് വീണിരിക്കുകയാണ്.

സഞ്ജുവിനെ പിന്തുണച്ചതിനല്ല, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന ആമുഖത്തോടെയാണ് കെ.സി.എ ശ്രീശാന്തിന്റെ പഴയ വാതുവെയ്്പ്പ് കേസും അതിന്റെ പിന്നാമ്പുറങ്ങളും പറഞ്ഞിരിക്കുന്നത്. മാത്രമല്ല, അച്ചടക്കമില്ലാതായാല്‍ ആര്‍ക്കെതിരെയും നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്‍യിട്ടുണ്ട്. കെ.സി.എ ഭാരവാഹികളെ ചൊടിപ്പിച്ചത് സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി ക്യാപില്‍ പങ്കെടുക്കാന്‍ വിസ്സമ്മതിച്ചതാണ്.

പിന്നീട് വരാമെന്നു പറഞ്ഞെങ്കിലും അത് കെ.സിഎയ്ക്ക് വലിയ ക്ഷീണമുണ്ടാക്കി. ഇതിനെതിരേയും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതെ പോയതും ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ വിഷമമുണ്ടാക്കി. ഇതേ തുടര്‍ന്നാണ് സഞ്ജു കേരളത്തിനു വേണ്ടി കളിക്കാന്‍ തീരുമാനിച്ചതും. എന്നാല്‍, ക്യാംപില്‍ പങ്കെടുക്കാത്തവരെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് കെ.സി.എ നിലപാടെടുത്തതോടെ സഞ്ജു കേരളടീമില്‍ നിന്നും ഔട്ടായി. തുര്‍ന്ന് സഞ്ജുവിനെതിരേ അച്ചടക്ക നടപടിയെ കുറിച്ചുള്ള ആലോചനകളിലേക്ക് കെ.സി.എ കടക്കുകയും ചെയ്തു. ഇതിന്റെ പ്രതികരണമായാണ് ശ്രീ ശാന്ത് കെ.സി.എയ്‌ക്കെതിരേ സംസാരിച്ചത്. ഇതിനായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് ശ്രീ ശാന്തിന് നല്‍കിയതും.

എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. കെസിഎ അവരുടെ അധികാരം പ്രയോഗിച്ചോട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു. സഞ്ജുവിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാന്‍ കെസിഎയ്ക്ക് സാധിച്ചോ എന്നു ചോദിച്ച ശ്രീശാന്ത്, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് താരങ്ങളെ ഇറക്കുമതി ചെയ്ത് കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും ആരോപിച്ചിരുന്നു. ”ഇതേക്കുറിച്ച് എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. പ്രതികരണം പോലും അര്‍ഹിക്കുന്ന വിഷയമല്ല ഇത്. അവര്‍ അധികാരം പ്രയോഗിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ”ഞാന്‍ എന്റെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കും.

അത് സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും വേറെ ആരാണെങ്കിലും അങ്ങനെ തന്നെ. സഞ്ജു സാംസണിനു ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെ പോലും സൃഷ്ടിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് മികച്ച ഒരുപിടി താരങ്ങള്‍ നമുക്കുണ്ട്. സച്ചിന്‍ ബേബി, എം.ഡി. നിധീഷ്, വിഷ്ണു വിനോദ് തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കുന്നതിന് കെസിഎ എന്താണ് ചെയ്യുന്നത്?. നമ്മുടെ താരങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പോലും അവര്‍ തയാറല്ല എന്നതാണ് വസ്തുത.” ”കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന്‍ ബേബി. എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല. ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ഇപ്പോള്‍ അവര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരളത്തിനായി കളിപ്പിക്കുന്നു.

എന്തിനു വേണ്ടിയാണിത്? ദേശീയ ടീമിലെത്താന്‍ മോഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവല്ലേ ഈ നടപടി?” ”കെസിഎ അവര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരാന്‍ എനിക്ക് യാതൊരു മടിയുമില്ല. എനിക്ക് സംസാരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ എനിക്കും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ അവര്‍ നടപടി സ്വീകരിക്കുമോ?” ശ്രീശാന്ത് ചോദിച്ചു. ഇപ്പോള്‍ ശ്രീ ശാന്തിന് നല്‍കിയിരിക്കുന്ന നോട്ടീസ്, ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും പുറത്താക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതിനെതിരേയാണ് ശ്രീ ശാന്ത് മുന്നോട്ടു പോകുമെന്ന് പറയുന്നതും.

CONTENT HIGH LIGHTS; His lawyers will reply to those who spread false information against him: Sreesanth in response to KCA newsletter