തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി റെവന്യൂ വകുപ്പ്. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് തള്ളിയത്. പാലക്കാട് ആര്‍ഡിഒയാണ് ഒയാസിസ് കമ്പനിയുടെ അപേക്ഷ തള്ളിയത്. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.
എലപ്പുള്ളിയില്‍ 24 ഏക്കര്‍ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതില്‍ നാല് ഏക്കര്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒയാസിസ് കമ്പനിക്ക് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. റവന്യൂവകുപ്പില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ആര്‍ഡിഒ നടപടി എന്നാണ് സൂചനകള്‍. ഭൂമിയില്‍ നിര്‍മാണം പാടില്ല, കൃഷി ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ നടപടി എടുക്കണമെന്നും നിര്‍ദേശിട്ടുണ്ട്.
ബ്രൂവറി വിഷയത്തില്‍ മുന്നണി തീരുമാനത്തേക്കാള്‍ ഉപരി സ്വന്തം നിലയിലാണ് സിപിഎം മുന്നോട്ടു പോയത്. ഇത് സിപിഐയെ ശരിക്കും ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ മുന്നണിയില്‍ തര്‍ക്കം ശക്തമായതോടെ ഉഭയകക്ഷി ചര്‍ച്ചക്ക് സി.പി.എം ശ്രമം നടത്തുന്നുണ്ട്. ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വെള്ളിയാഴ്ച തലസ്ഥാനത്ത് മടങ്ങിയെത്തും. തുടര്‍ന്ന്, സി.പി.ഐയുമായി ആദ്യ ചര്‍ച്ച നടത്തും.