Kerala

ടൂറിസ്റ്റ് ബസുകാർക്ക് നിരാശ, സ്വകാര്യ ബസുകള്‍ക്ക് നേട്ടം; അധികമായി അടയ്ക്കേണ്ടി വരിക 15 കോടി രൂപ; പുതുക്കിയ നികുതി അറിയാം | tourist bus tax structure

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നികുതി കുറച്ചതാണ് ആശ്വാസ തീരുമാനം

കാത്തിരുന്ന ബജറ്റ് എത്തിയതോടെ ചിലർക്കൊക്കെ നിരാശയും എത്തിക്കഴിഞ്ഞു. ഇനി സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചതോടെയാണ് നിരക്കു വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തിന് അകത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ നികുതി ഘടനയ്ക്കൊപ്പം ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ നികുതിയിലും മാറ്റമുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നികുതി കുറച്ചതാണ് ആശ്വാസ തീരുമാനം.

ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇങ്ങനെ

സംസ്ഥാനിന് അകത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതി ഘടന ഏകീകരിച്ചത് ഇപ്രകാരമാണ്. 6 മുതല്‍ 12 വരെ സീറ്റുള്ള കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നിരക്ക് ഏകീകരിച്ച് 350 രൂപയാക്കി. ഓര്‍ഡിനറി സീറ്റുള്ള വാഹനങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. നേരത്തെ 280 രൂപയായിരുന്ന നികുതി 350 രൂപയിലേക്ക് ഉയര്‍ന്നു.

13 മുതല്‍ 20 വരെ സീറ്റുള്ള കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നിരക്ക് 600 രൂപയാക്കി. 20 അധികം സീറ്റുള്ള കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 900 രൂപയാക്കി. സ്ലീപ്പര്‍ ബര്‍ത്തുകള്‍ ഘടിപ്പിച്ച ഹൈവി പാസഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന കോണ്‍ട്രാക്ട് ക്യാരേജുകളുടെ ത്രൈമാസ നികുതി 1,800 എന്നത് 1,500 രൂപയാക്കി കുറച്ചു.

കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതിയിനത്തില്‍ 292 കോടി രൂപയാണ് സര്‍ക്കാറിന്‍റെ വാര്‍ഷിക വരുമാനം. നികുതി ഏകീകരണം 15 കോടി രൂപയുടെ അധിക വരുമാനം കൊണ്ടുവരുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.

ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ നികുതിയും ഏകീകരിച്ചു. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി ഓര്‍ഡറി സീറ്റ്, പുഷ് ബാക്ക് എന്നിവ പരിഗണിക്കാതെ സീറ്റൊന്നിന് 2,500 രൂപയാകും. നേരത്തെ ഓര്‍ഡിനറി സീറ്റിന് 2,250 രൂപയും പുഷ് ബാക്ക് സീറ്റിന് 3,000 രൂപയുമായിരുന്നു. കോണ്‍ട്രാക്ട് ക്യാരേജിലെ സ്ലീപ്പര്‍ ബര്‍ത്തിന് ത്രൈമാസ നിരക്ക് ബര്‍ത്തൊന്നിന് 4,000 രൂപയായി തുടരും.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതി ഇനത്തില്‍ 10 കോടി രൂപയാണ് സര്‍ക്കാറിന്‍റെ വരുമാനം. ഏകീകരണത്തിലൂടെ ഒരു കോടി രൂപ അധിക വരുമാനം.

സ്വകാര്യ ബസുകള്‍ നേട്ടം

സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 10 ശതമാനം ഇളവ് അനുവദിക്കും. സര്‍ക്കാറിന് ഒന്‍പത് കോടി രൂപയാണ് ഈ ഇനത്തില്‍ കുറവ് വരുന്നത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ യാത്ര ബസുകള്‍ നിരത്തിലിറക്കുന്നതിന് പ്രേരിപ്പിക്കാനുമാണ് തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു.

15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി നികുതി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുചക്ര വാഹനങ്ങള്‍. കാറുകള്‍ എന്നിവയുടെ നികുതിയില്‍ 50 ശതമാനമാണ് വര്‍ധനവ്. ഇതിലൂടെ 55 കോടി രൂപയാണ് സര്‍ക്കാറിന് ലഭിക്കുന്ന അധിക വരുമാനം.