കൊല്ലം: അടുത്ത സാമ്പത്തിക വര്‍ഷം വിരമിക്കേണ്ട 735 കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ അന്തിമ പട്ടികയായി. വിരമിക്കുന്ന ജീവനക്കാരില്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍പ്പെട്ട ഡ്രൈവര്‍, കണ്ടക്ടര്‍മാരാണ് ഏറ്റവുമധികം. വിരമിക്കല്‍ പട്ടികയില്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍പ്പെട്ട 500-ലധികം ജീവനക്കാരുണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ 26 മാര്‍ച്ച് വരെ വിരമിക്കുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി പരിശോധനയ്ക്കായി യൂണിറ്റുകളിലേയ്ക്ക് അയച്ചു. എടിഒ, ഡിപ്പോ എന്‍ജിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍, ഇന്‍സ്‌പെക്ടര്‍, മെക്കാനിക് തുടങ്ങിയ തസ്തികയിലുള്ളവരും പട്ടികയിലുണ്ട്. ഈ വിഭാഗം ജീവനക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയിലുള്ളവരാണ് സര്‍വീസ് ഓപ്പറേഷന്റെ മുഖ്യകണ്ണികള്‍. ഇവരുടെ വിരമിക്കല്‍ സര്‍വീസ് നടത്തിപ്പിനെ ബാധിക്കും.
ഓരോ വര്‍ഷം കഴിയുന്തോറും കെ.എസ്.ആര്‍.ടി.സി.യില്‍ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2016-ല്‍ 36,000 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 42,000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിരം ജീവനക്കാര്‍ 22,000-ഓളമാണ്. ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കെ.എസ്.ആര്‍.ടി.സി.യില്‍ കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിരമിക്കുന്ന ജീവനക്കാര്‍ക്ക് പകരം പി.എസ്.സി മുഖേന സ്ഥിരം ജീവനക്കാരെ നിയമിക്കുന്നുമില്ല.
ബദലി എന്ന പേരില്‍ ദിവസവേതനക്കാരെ നിയമിക്കുന്നതാണ് അടുത്ത കാലത്തെ രീതി. ദിവസവേതനമല്ലാതെ യാതൊരുവിധ തൊഴില്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്കുന്നുമില്ല. പലപ്പോഴും ഇത്തരം ജീവനക്കാര്‍ക്ക് ചെറിയ കുറ്റങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷാനടപടി നേരിടേണ്ടി വരുന്നതിനാല്‍ പലരും ഇടയ്ക്കുവെച്ച് ജോലി ഉപേക്ഷിക്കാറുമുണ്ട്. സ്ഥിരം ജീവനക്കാരുടെ അഭാവവും ബദലി ജീവനക്കാരുടെ തൊഴില്‍ സ്ഥിരതയില്ലായ്മയും വരുംനാളുകളില്‍ സര്‍വീസ് നടത്തിപ്പിനേയും ബാധിക്കും.
















