തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത ഒഴിയുന്നില്ല. കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോർഡിന് കീഴിൽ ജോലി ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് പൊലീസിനെ രേഖാമൂലം അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ ശ്രീതു, നിയമന ഉത്തരവ് അച്ചടിച്ചുണ്ടാക്കിയത് എവിടെവെച്ചാണെന്ന് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. പല തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും പ്രതി അനങ്ങാതായതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
രണ്ടു വയസുകാരിയുടെ കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയാതെ പൊലീസ് വട്ടം കറങ്ങുമ്പോഴാണ് അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികളുമായി നാട്ടുകാർ രംഗത്ത് വന്നത്.
ഇതിൽ നെയ്യാറ്റിന്‍കര സ്വദേശി ഷിജുവിന്‍റെ പരാതിയിലാണ് കഴിഞ്ഞ ദിവസം ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിൽ ഡ്രൈവർ നിയമനം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പരാതി. ദേവസ്വം ബോര്‍ഡില്‍ സെക്ഷൻ ഓഫീസർ എന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ഒരു വർഷം മുമ്പ് ശ്രീതുവിന്‍റെ പേരിലുള്ള വ്യാജ ഔദ്യോഗിക ലെറ്റർ പാഡിൽ ഡ്രൈവറായി നിയമിച്ചുള്ള ഉത്തരവ് കൈമാറി.
28000 രൂപ ശമ്പളം എന്നാണ് ഉത്തരവിലുള്ളത്. ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവറെന്നാണ് പറഞ്ഞത്. ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസിൽ കയറ്റിയിരുന്നില്ല. ആവശ്യം വരുമ്പോൾ ദേവസ്വം ബോർഡ് ഓഫിസിന് മുന്നിൽ കാറുമായി എത്താനായിരുന്നു നിർദേശിച്ചിരുന്നത്. അവിടെ വെച്ച് ശ്രീതു കാറിൽ കയറും. തുടക്കത്തിൽ ശമ്പളം കൃത്യമായി തന്നു. പിന്നീട് കുടിശിക വന്നു. പരാതിപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ ഒരുമിച്ചു നൽകി. കുഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ കണ്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലായതെന്നാണ് ഷിജുവിന്‍റെ മൊഴി.