കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോർജിന് ആശ്വാസം. കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി. പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.