Kerala

മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആരംഭം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും.

തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുവാന്‍ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രേരിപ്പിക്കുന്നു. തുടക്കത്തില്‍ ലാഭവിഹിതം എന്ന പേരില്‍ ചെറിയ തുകകള്‍ നല്‍കുന്നു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഈ ആപ്പ് മുഖാന്തിരം നിക്ഷേപം നടത്തുന്നതിന് പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിക്കുന്നു.

മണി ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നത്. പരാതിക്കാര്‍ പണം മടക്കി ആവശ്യപ്പെടുമ്പോള്‍ tax card, security key എന്നീ പേരില്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ അമിത ലാഭം വാഗ്ദാനം നല്‍കിയുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ പൊതുജനങ്ങള്‍ ഇടപാടുകള്‍ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകള്‍ക്ക് യഥാര്‍ത്ഥ കമ്പനിയുമായി യാതൊരുവിധ ബന്ധവും ഇല്ല. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമ പരസ്യങ്ങളും/ ലിങ്കുകള്‍ /ആപ്പുകള്‍ എന്നിവ പൂര്‍ണമായും അവഗണിക്കുക.

ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ,https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ നല്‍കാവുന്നതാണ്.

CONTENT HIGH LIGHTS; Investor fraud in the name of mobile, soft drink companies: Police to be vigilant