പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനംചെയ്ത് സംസ്ഥാനവ്യാപകമായി നടന്ന തട്ടിപ്പില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കെതിരേയും കേസ്. കായംകുളം പോലീസാണ് സംഭവത്തില്‍ സി.പി.എം. നഗരസഭ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കായംകുളം മേഖലയില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് തട്ടിപ്പില്‍ പണം നഷ്ടമായെന്നാണ് വിവരം.
സ്‌കൂട്ടര്‍ തട്ടിപ്പില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവര്‍ക്കെതിരേയും പെരിന്തല്‍മണ്ണ എം.എല്‍.എ.യും മുസ്ലീം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിനെതിരേയും ഇതേ തട്ടിപ്പില്‍ പോലീസ് കേസെടുത്തിരുന്നു. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പുലാമന്തോള്‍ സ്വദേശിനിയുടെ പരാതിയിലാണ് എം.എല്‍.എക്കെതിരേയും പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.
സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണന്‍ സി.എസ്.ആര്‍. ഫണ്ടിനായി നിരവധി കമ്പനികളെ സമീപിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഏകദേശം 200-ഓളം കമ്പനികളെയാണ് സി.എസ്.ആര്‍. ഫണ്ടിനായി അനന്തുകൃഷ്ണന്‍ സമീപിച്ചത്. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ.എ. ആനന്ദ്കുമാറുമായി ബന്ധം സ്ഥാപിച്ചാണ് വിവിധ കമ്പനികളെ സമീപിച്ചത്. എന്നാല്‍, ആരും പണം നല്‍കിയില്ല. ഇതോടെ ആളുകളില്‍നിന്ന് സ്വരൂപിച്ച പണത്തില്‍നിന്ന് കുറച്ചുതുക മുടക്കി ഏതാനുംപേര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി. ഇതുകണ്ടതോടെ കൂടുതല്‍പേര്‍ പാതിവിലയ്ക്ക് സ്‌കൂട്ടര്‍ കിട്ടാനായി അനന്തുകൃഷ്ണന്റെ സീഡ് സൊസൈറ്റിക്ക് പണംനല്‍കിയിരുന്നു. വാഹനഡീലര്‍മാരില്‍നിന്നടക്കം കമ്മീഷന്‍ ഇനത്തിലും അനന്തുകൃഷ്ണന്‍ വന്‍തുക വാങ്ങിയിരുന്നതായും വിവരങ്ങളുണ്ട്.
STORY HIGHLIGHT: ananthu krishnan scooter scheme fraud case