Science

ഭൂമിക്ക് പുറത്ത് ജീവനോ?, ഛിന്നഗ്രഹമായ ബെന്നുവിനെക്കുറിച്ച് നിർണായക കണ്ടെത്തൽ | life-beyond-earth-bennu-asteroid

പ്രാചീന ഈജിപ്ഷ്യൻവിശ്വാസത്തിലെ ഒരു പക്ഷിദേവതയുടെ പേരാണ് ബെന്നു

പതിറ്റാണ്ടുകളായി, അന്യഗ്രഹ ജീവികളുടെ സാധ്യതകൾക്കായി ഗവേഷകർ പ്രപഞ്ചത്തിൽ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ ഉത്തരം നമ്മൾ വിചാരിച്ചതിലും അടുത്തായിരുന്നെങ്കിലോ? ബെന്നുവിൽ നിന്ന് ശേഖരിച്ച നാസയുടെ ഏറ്റവും പുതിയ ഛിന്നഗ്രഹ സാമ്പിൾ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്, ഭൂമിക്കപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള പുതിയ സാധ്യതകൾ ഉയർത്തുകയാണ്.
നാസയുടെ ഓസിരിസ് റെക്‌സ് എന്ന ബഹിരാകാശ ദൗത്യം ബെന്നുവിലിറങ്ങി സാംപിളുകളുമായി തിരികെയെത്തിയിരുന്നു. നമുക്ക് ചെറിയ ഭീഷണി ഉയർത്തുന്ന ഈ ഛിന്നഗ്രഹത്തെപ്പറ്റിയുള്ള പഠനം കൂടി ലക്ഷ്യമിട്ടാണ് നാസ ഓസിരിസ് ദൗത്യം അയച്ചത്.എംപയർ സ്റ്റേറ്റ് ബിൽഡിങ് കെട്ടിടത്തിന്‌റെ വലുപ്പമുള്ളതാണ് ബെന്നു ഛിന്നഗ്രഹം.

പ്രാചീന ഈജിപ്ഷ്യൻവിശ്വാസത്തിലെ ഒരു പക്ഷിദേവതയുടെ പേരാണ് ബെന്നു. പുനർജന്മത്തിന്റെ ചിഹ്നമായി കരുതപ്പെടുന്ന ഈ മിത്തോളജിക്കൽ പക്ഷിയാണ് ഗ്രീക്ക് വിശ്വാസത്തിലെ ഫീനിക്സ് തുടങ്ങിയ സങ്കൽപങ്ങൾക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. 1999 സെപ്റ്റംബറിലാണ് ബെന്നു ഛിന്നഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 2016ൽ ആണ് ഓസിരിസ് റെക്സ് ബെന്നുവിൽ നിന്നു സാംപിളുകൾ ശേഖരിച്ചു ഭൂമിയിലേക്കു തിരികെ കൊണ്ടുവരാനായി യാത്ര തുടങ്ങിയത്.2020 ൽ ആയിരുന്നു ഓസിരിസ് ബെന്നുവിനു സമീപം എത്തിയത്.ഉറച്ച പാറ പോലെയുള്ള ഘടനയല്ല ബെന്നുവിന്. മറിച്ച് ഇളകിക്കിടക്കുന്ന പ്രതലമാണ്.

പൂഴിമണൽ വിരിച്ചതുപോലുള്ള പ്രതലം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു ഛിന്നഗ്രഹത്തിൽ നിന്നു മുറിഞ്ഞു വേർപെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉദ്ഭവം. എന്തായാലും പുതിയ കണ്ടെത്തൽ സ്ഥിരീകരിക്കുന്നത് ജീവനുണ്ടെന്നതല്ല, ജീവൻ നിലനിർത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഭൂമിയിൽ മാത്രമുള്ളതല്ലെന്നാണ്.ഈ കണ്ടെത്തൽ നമ്മുടെ അസ്തിത്വത്തെക്കുറിച്ചുള്ള ധാരണയെത്തന്നെ മാറ്റിമറിക്കുകയും നമ്മൾ ഒറ്റയ്ക്കാണോ അല്ലയോ എന്ന് സംശയിക്കാൻ കാരണമാവുകയും ചെയ്യുമെന്നതാണ് യാഥാർഥ്യം.

STORY HIGHLIGHTS:  life-beyond-earth-bennu-asteroid