Kerala

ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി തുടങ്ങണം; ഹൈക്കോടതി – kerala high court

മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും പുനർനിർമാണത്തിനും കേന്ദ്രം സഹായിക്കുന്നതു വരെ സംസ്ഥാന സർക്കാർ കാത്തിരിക്കേണ്ടതില്ലെന്നു ഹൈക്കോടതി. 2,000 കോടി രൂപയുടെ പാക്കേജിൽ കേന്ദ്രം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു കോടതിയുടെ പരാമർശം.

ഇക്കാര്യത്തിൽ അനിശ്ചിതമായി കാത്തിരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. ലഭ്യമായ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ‍ തുടങ്ങണം. ആ ഫണ്ടിന്റെ 75 ശതമാനം ചിലവഴിച്ച ശേഷം കേന്ദ്രത്തിനു വിശദീകരണ പത്രിക നൽകി കേന്ദ്രത്തിൽ നിന്നു തുടർസഹായം ആവശ്യപ്പെടാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെ‍ഞ്ച് വ്യക്തമാക്കി. പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നു കേന്ദ്രവും ഇന്നു കോടതിയിൽ വ്യക്തമാക്കി.

ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്താണ് ചെയ്യാൻ കഴിയുക എന്നതു പരിശോധിച്ച് അറിയിക്കുമെന്നും കേന്ദ്രം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഉൾപ്പെടെയുള്ള ഫണ്ട് പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ഉപയോഗിക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. ചിലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ ഓഡിറ്റ് സൂക്ഷിക്കാനും കോടതി നിർദേശിച്ചു. ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ പൂർണമായിട്ടില്ലെങ്കിലും നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. ന്നാൽ കേന്ദ്ര ധനമന്ത്രാലയത്തിനു ബാങ്കുകളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നു കേന്ദ്ര സർക്കാർ പറഞ്ഞു. കൂടാതെ ബാങ്കുകളെ നഷ്ടത്തിലാക്കാനാകില്ല. കോവിഡ് കാലത്തു പോലും വായ്പകൾ എഴുതിത്തള്ളിയിട്ടില്ല. മോറട്ടോറിയമാണു നൽകിയതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

കോവിഡിന് താൽക്കാലികമായ ബിസിനസ് നഷ്ടമാണുണ്ടായതെന്നും എന്നാൽ ഇവിടെ ജനങ്ങൾക്ക് അവരുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുകയാണു ചെയ്തത് എന്നും കോടതി ചൂണ്ടിക്കാട്ടി. നിശ്ചിത പരിധിവച്ച് വായ്പ എഴുതിത്തള്ളുന്നത് ചെറുകിട വായ്പ എടുത്തവർക്കു സഹായകമാകും കോടതി പറഞ്ഞു. നിലപാട് അറിയിക്കാൻ കേന്ദ്രം സമയം തേടിയതിനെ തുടർന്ന് ഹർജി 21ന് പരിഗണിക്കാൻ മാറ്റി.

STORY HIGHLIGHT: kerala high court