കൊച്ചി / പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ, പെൺകുട്ടികളുടെ മാതാവിനെതിരെ കുറ്റപത്രത്തിൽ ഉന്നയിക്കുന്നത് അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങൾ. കുട്ടികളെ മരണത്തിലേക്കു നയിച്ചതിന്റെ മുഖ്യ ഉത്തരവാദികൾ മാതാപിതാക്കളാണെന്നു കുറ്റപത്രം ആരോപിക്കുന്നു.
2017 ജനുവരി 7നു 13 വയസ്സുകാരിയെയും മാർച്ച് നാലിനു സഹോദരിയെയും ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിക്കു കുട്ടികളെ പീഡിപ്പിക്കാനുള്ള അവസരം ആവർത്തിച്ച് ഒരുക്കിയെന്നും മാതാപിതാക്കളുടെ മുന്നിൽ വച്ചും കുട്ടികളെ പ്രതികൾ പീഡിപ്പിച്ചിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു. 13 വയസ്സുകാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു പിന്നീടു മരിച്ച ഇളയ സഹോദരി. രണ്ടാഴ്ച മുൻപു സമർപ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.
അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെയുള്ള കേസുകളുടെ വിചാരണ പോക്സോ കോടതിയിലേക്കും പിന്നീട് കേസ് പരിഗണിക്കുന്ന കൊച്ചി സിബിഐ കോടതിയിലേക്കും മാറ്റാൻ സിബിഐ ബാലനീതി കോടതിയെ സമീപിച്ചു. കുട്ടികളെ പീഡിപ്പിച്ച സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് പാലക്കാട് ബാലനീതി കോടതിയായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണു നടക്കുന്നത്. സംഭവസമയത്ത് 18 വയസ്സാകാത്ത പ്രതിയെ, ഇപ്പോൾ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കി കോടതി മാറ്റണമെന്ന സിബിഐയുടെ അപേക്ഷയിൽ ബാലനീതി ബോർഡിന്റേതാണ് അന്തിമതീരുമാനം.