ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ. 11 കൗണ്ടിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. 8:30 ഓടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചനം.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും. അതേസമയം തോൽവി ഭയന്ന് എ എ പി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ പോലീസ് അന്വേഷണം തുടങ്ങി.