ആഗോള വാഹനനിർമാതാക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന ഗതാഗത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികളുടെ ഒരു കേന്ദ്രമാണ് തിരുവനന്തപുരം ഇപ്പോൾ. തലസ്ഥാന ജില്ലയെ ഒരു ലോകോത്തര ഓട്ടോമോട്ടീവ് ടെക്‌നോളജി ഹബ് ആക്കി മാറ്റുന്നതിനുള്ള ബജറ്റിലെ പ്രഖ്യാപനം ഈ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്ന് ആക്സിയ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനികളുമായി സഹകരണം ഉണ്ടാക്കാൻ ഇവിടുത്തെ കമ്പനികൾക്ക് കഴിയും. ഒപ്പം പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള സാധ്യതകളും ബജറ്റ് തുറന്നിടുന്നുവെന്ന് ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
വാഹനസാങ്കേതികവിദ്യാരംഗത്ത് കൂടുതൽ തൊഴിലും വരുമാനവും സൃഷ്ടിച്ച് ഈ മേഖലയെ വളർത്തിക്കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്ദേശം ബജറ്റിൽ പ്രകടമാണ്. സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികവളർച്ചയ്ക്ക് ഈ തീരുമാനം ഉപകരിക്കുമെന്നും ഒരു സ്ഥിരം ഡിജിറ്റൽ സയൻസ് പാർക്കിന് വേണ്ടി 212 കോടി രൂപ നീക്കിവെച്ചതിലൂടെ കേരളത്തിലെ സാങ്കേതിക സംരംഭങ്ങൾക്ക് ഊർജം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനത്തിന്റെ തലേദിവസമാണ് സിഐഐ കേരള, കെഎസ്ഐഡിസിയുമായി സഹകരിച്ച് കെഎടിഎസ് 2025-ൻ്റെ ആദ്യ പതിപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ചത്. വാഹനഗതാഗത രംഗത്തെ നവീകരണത്തിൽ തിരുവനന്തപുരത്തിൻ്റെ സാധ്യതകൾ ഉയർത്തിക്കാട്ടിയ ഈ പരിപാടിയിൽ, ഇവിടുത്തെ ശക്തമായ ഗവേഷണ, പഠന, വികസന ശേഷിയും, ഉന്നത നിലവാരമുള്ള മാനുഷികവിഭവ ശേഷിയും സാങ്കേതിക രംഗത്തെ വളർച്ചയും പ്രത്യേകം ചർച്ച ചെയ്തിരുന്നു.- ആക്സിയ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ കൂട്ടിച്ചേർത്തു.