ഡ്രൈവിംഗ് ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ മലയാളികളിൽ ഏവരും. ഇന്ന് സ്വന്തമായി കാറില്ലാത്ത വീടുകളും വളരെ ചുരുക്കമായി എന്നുവേണം പറയാൻ. സ്വന്തം ആവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്‌ത് പോവുക എന്നതൊരു ദിനചര്യയായി മാറിയെന്നു വേണമെങ്കിലും പറയാം. പക്ഷേ പകൽ സമയത്തെ ഡ്രൈവിംഗ് പോലെ അത്ര എളുപ്പമാവില്ല രാത്രിയിൽ.
പലർക്കും രാത്രികാല ഡ്രൈവിംഗ് സമ്മർദ്ദകരമായ അനുഭവമായിരിക്കും. കാറിന്റെ ഹെഡ്‌ലൈറ്റുകൾ സാധ്യമായ പ്രകാശം പുറപ്പെടുവിക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും ഡ്രൈവിംഗ് ദുഷ്ക്കരമായിരിക്കും. ജീവന്‍ വരെ അപകടത്തിലാക്കുന്ന അപകടങ്ങള്‍ക്കു പോലും ഇത്തരം ഹെഡ്‌ലൈറ്റുകള്‍ കാരണമാവാറുണ്ട്.
ഹൈഡ് ലൈറ്റുകള്‍ക്ക് മുന്നിലെ പാതയും തടസങ്ങളും വാഹനങ്ങളും കാണിച്ചു തരിക മാത്രമല്ല ജോലി. മറ്റു വാഹനങ്ങള്‍ക്ക് നമ്മുടെ വാഹനത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും രാത്രികാലങ്ങളില്‍ ഹെഡ്‌ലൈറ്റുകള്‍ സഹായകരമാവാറുണ്ട്. പ്രത്യേകിച്ച് റോഡുകളില്‍ ആവശ്യത്തിന് വെളിച്ചമുള്ള നഗരങ്ങളില്‍. ഹെഡ് ലൈറ്റ് കത്താതിരിക്കുന്ന വാഹനങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഇടിച്ചുള്ള അപകടത്തിനും കൂടിയ സാധ്യതയുണ്ട്.
ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഹെഡ്‌ലൈറ്റ് വൃത്തിയോടെയല്ലേ ഇരിക്കുന്നതെന്നു പരിശോധിക്കലാണ്. ഹെഡ്‌ലൈറ്റിനകത്ത് പൊടിപടലങ്ങള്‍ കയറിയാല്‍ അത് പ്രകാശത്തിന്റെ അളവ് കുറക്കും. മഴക്കാലത്താണെങ്കില്‍ ഹെഡ്‌ലൈറ്റിനകത്ത് വെള്ളം കയറാനും തങ്ങി നില്‍ക്കാനുമുള്ള സാധ്യതയുമുണ്ട്. ഇത് ശ്രദ്ധയോടെ പരിശോധിച്ച് നടപടിയെടുത്തില്ലെങ്കില്‍ ഹെഡ് ലൈറ്റില്‍ പൂപ്പല്‍ വരാനും വെളിച്ചം മങ്ങാനുമെല്ലാം സാധ്യതയുണ്ട്.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് അലൈന്‍ ചെയ്തിരിക്കുന്നത് ശരിയായ രീതിയിലാണോ എന്നു പരിശോധിക്കണം. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ തന്നെയാണ് ഹെഡ്‌ലൈറ്റ് അലൈന്‍മെന്റ് എന്ന് ഉറപ്പിക്കണം. ഡ്രൈവര്‍ക്ക് കൃത്യമായ കാഴ്ച്ച ലഭിക്കാതിരിക്കുക മാത്രമല്ല റോഡിലെ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച്ചയെ തടസപ്പെടുത്താനും ഇത് കാരണമാവും.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ ഹാലോജന്‍ ബള്‍ബുകളാണെങ്കില്‍ അത് മാറ്റി എല്‍ഇഡിയോ എച്ച്‌ഐഡിയോ ആക്കി മാറ്റുന്നത് നല്ലതാണ്. ഇതോടെ ഹെഡ്‌ലൈറ്റിന് കൂടുതല്‍ തെളിച്ചവും ഡ്രൈവര്‍ക്ക് കൂടുതല്‍ മികച്ച രാത്രി കാഴ്ച്ചയും ലഭിക്കും.
ഹൈറേഞ്ചുകള്‍ പോലുള്ള മൂടല്‍ മഞ്ഞ് സ്ഥിരസാന്നിധ്യമായ പ്രദേശങ്ങളില്‍ പോവുമ്പോള്‍ ഫോഗ് ലൈറ്റ് വലിയ ഗുണം ചെയ്യും. മൂടല്‍ മഞ്ഞില്‍ സാധാരണ ഹെഡ്‌ലൈറ്റുകളില്‍ ദൂരക്കാഴ്ച്ച കുറയും.
ആവശ്യത്തിന് വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരാണെങ്കില്‍ അധികം ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നല്ലതാണ്.
ഹെഡ്‌ലൈറ്റിന്റെ പുറംഭാഗം വളരെയെളുപ്പത്തില്‍ വൃത്തിയാക്കാവുന്നതാണ്. അതിനായി വാഹനം കഴുകുന്ന ഷാംപുവോ പ്രത്യേകം ഹെഡ്‌ലൈറ്റ് ക്ലീനിങ് സൊല്യൂഷനോ ഉപയോഗിക്കാം. എന്തൊക്കെ ചെയ്തിട്ടും ഹെഡ്‌ലൈറ്റിലെ മങ്ങല്‍ മാറുന്നില്ലെങ്കില്‍ അത് മാറ്റി പുതിയതു വാങ്ങുന്നതാണ് നല്ലത്.