Kerala

മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പിനെത്തി; സ്വർ‌ണക്കട ഉടമ വിഷം കഴിച്ച് ജീവനൊടുക്കി | gold theft investigation jeweler end his life

മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു

ആലപ്പുഴ: സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ തെളിവെടുപ്പിനായി ജൂവലറിയിലെത്തിച്ചപ്പോള്‍ ജൂവലറി ഉടമ വിഷം കഴിച്ച് മരിച്ചു. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.

മോഷണക്കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെൽവകുമാർ (50) മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയിൽ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നതിനാൽ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു.

തുടർന്ന് തെളിവെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ രാധാകൃഷ്ണൻ കടയിൽ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മാഞ്ഞൂർ ആനിത്തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതിൽ തകർത്തു സെൽവകുമാർ കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാൾ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 34 മോഷണക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.