Kerala

ഭര്‍ത്താവ് വീട് പൂട്ടിപ്പോയി; ഇരട്ടക്കുട്ടികളും ഭാര്യയും അഭയം തേടിയത് പൊലീസ് സ്റ്റേഷനില്‍ | twins and mother have been removed from home

നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓർഡറും യുവതി വാങ്ങിയിരുന്നു

തിരുവനന്തപുരം: ഇരട്ടക്കുട്ടികളേയും അമ്മയേയും വീട് പൂട്ടി പുറത്താക്കി അച്ഛന്‍. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസില്‍ അഭയം തേടി. കുട്ടികളില്‍ ഒരാള്‍ വൃക്കരോഗ ബാധിതനാണ്. തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിലാണ് സംഭവം. അജിത് റോബിൻ എന്നയാളാണ് വീടുപൂട്ടി പോയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അജിത് റോബിന് എതിരേ കുഞ്ഞുങ്ങളുടെ അമ്മയായ നീതു മുൻപ് പരാതി നല്‍കിയിരുന്നു. ​ഗാർഹിക പീഡനത്തിന് എതിരേയായിരുന്നു പരാതി. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓർഡറും യുവതി വാങ്ങിയിരുന്നു.

വീടുപൂട്ടി പോയതിനെ തുടർന്ന് ഉച്ചമുതല്‍ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. പ്രദേശവാസികള്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് ഇവരെ ഏറ്റെടുത്തിട്ടുണ്ട്. പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഭർത്താവിന്റെ ഫോൺ ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അജിത് റോബിന് എതിരേ പോലീസ് കേസ് എടുത്തേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.