Business

ലളിതമായ ആഘോഷം മാത്രം; അദാനിയുടെ മകൻ ജീത് വിവാഹിതനായി..| Gautham Adani son wedding

വമ്പന്‍ വിവാഘോഷം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹം

വമ്പന്‍ വിവാഘോഷം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടായിരുന്നു രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ​ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അഹമ്മദാബാദിലെ അദാനി ടൗൺഷിപ്പായ ശാന്തി​ഗ്രാമത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ദിവയാണ് വധു. കഴിഞ്ഞ വർഷം നടന്ന അനന്ത് അംബാനി-രാധിക വിവാഹത്തോട് കിടപിടിക്കുന്നതായിരിക്കും ഈ കല്ല്യാണവും എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച. എന്നാല്‍ താൻ സാധാരണക്കാരനായാണ് വളർന്നത് അതുകൊണ്ട് മകന്‍റെത് സാധാരണ വിവാഹമായിരിക്കുമെന്ന് ഗൗതം നേരത്തെ തന്നെ അറിയിച്ചിരുന്നു.

പരമ്പരാഗത ഗുജറാത്തി ജെയിൻ അചാര പ്രകാരം വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നത്. പാരമ്പര്യം, സംസ്കാരം, സാമൂഹ്യ സേവനം തുടങ്ങിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു വിവാഹ ഒരുക്കങ്ങൾ. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നൽകുമെന്ന് ദമ്പതികൾ പ്രതിജ്ഞയെടുത്തതായാണ് റിപ്പോർട്ടുകൾ.

ജീതും ദിവയും വിവാഹത്തിന് ധരിക്കുന്ന വസ്ത്രങ്ങൾക്കും ഏറെ പ്രത്യേകതകളുണ്ട്. ഇരുവരുടേയും നിർദ്ദേശപ്രകാരം പ്രമുഖ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര അംഗപരിമിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് ചടങ്ങിനായുള്ള ഷാൾ നിർമിച്ചത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചതായി അദാനി അറിയിച്ചു. മകന്‍ ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യസേവനത്തിനായി 10,000 കോടി രൂപ മാറ്റിവെക്കുന്നത്.

പെൻസിൽവാനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് ബിരുദം നേടിയ ശേഷം 2019 ൽ ജീത് അദാനി അദാനി ഗ്രൂപ്പിൽ ചേർന്നു. നിലവിൽ അദാനി എയർപോർട്ട് ബിസിനസിനും അദാനി ഡിജിറ്റൽ ലാബ്സിനും ചുമതലയാണ് ജീതിനുള്ളത്. വജ്ര വ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ് ദിവ. ദിനേഷ് ആൻ്റ് കമ്പനി പ്രൈവൈറ്റ് ലിമറ്റഡിൻ്റെ ഉടമസ്ഥനാണ് ദിവയുടെ പിതാവ്. 2023 മാർച്ചിലായിരുന്നു ദിവയും ജീതും തമ്മിലുള്ള വിവാഹ നിശ്ചയം.