India

‘മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം’; രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്‍റണി | anil antony delhi election result response

കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി

ഡൽഹി: രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി എന്നും മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്‍റണി പറഞ്ഞു.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നാണ് ബി ജെ പിയുടെ കുതിപ്പ്.

വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവർത്തകരും നേതാക്കളും ആഘോഷവും തുടങ്ങിയിട്ടുണ്ട്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. അതിനിടെ മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി ദില്ലി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച് ദേവയും രംഗത്തെത്തി. ദില്ലി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് വീരേന്ദ്ര സച് ദേവ പറഞ്ഞത്.