India

27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് താമര വിരിയുന്നു; ‘ആപ്പിനെ’ പൂട്ട് ബിജെപി അധികാരത്തിലേക്ക്, ആവേശത്തിൽ പ്രവർത്തകർ | delhi election result 2025

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം തുടരുന്നത്. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. എന്നാൽ എഎപി ഒട്ടും പ്രതീക്ഷിക്കാത്ത ഫലമാണ് പുറത്ത് വരുന്നത്.

വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തുടക്കത്തിൽ പിന്നിൽനിന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരിയ വോട്ടുകൾക്ക് ലീഡ് പിടിച്ചു. മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.

ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.