ഫോൾഡബിൾ ഫോണുകളാണ് ഇപ്പോൾ ട്രെന്റാവുന്നത്. കഴിഞ്ഞ ദിവസം സാംസങ് പുതിയ ട്രൈഫോൾഡ് ഫോൺ ഇറക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആപ്പിൾ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഐഫോണിന്റെ ഫോൾഡബിൾ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും ചോർന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോൾഡബിൾ ഐഫോണിന് ഉണ്ടാവുക. zwz എന്ന സൈറ്റാണ് പുതിയ ഐഫോണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. രണ്ട് 6.1 ഇഞ്ച് ഫോണുകൾ ഒരുമിച്ച് മടക്കിവെച്ചതിന് സമാനമായിരിക്കും പുതിയ ഫോൾഡബിൾ ഐഫോൺ എന്നാണ് റിപ്പോർട്ട്.
വാർത്തകൾ ശരിയാണെങ്കിൽ മടക്കാവുന്ന ഐഫോൺ നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ മടക്കാവുന്ന സ്മാർട്ട്‌ഫോണായിരിക്കും. നിലവിൽ ഐപാഡുകൾ 11 ഇഞ്ച് മുതൽ 13 ഇഞ്ച് വരെയാണ് സ്‌ക്രീൻ ഉള്ളത്. പുതിയ ഫോൾഡബിൾ ഐഫോൺ മടക്കിയാൽ 9.2 മില്ലീമീറ്റർ കനവും നിവർത്തിയാൽ 4.6 മില്ലീമീറ്റർ കനവുമായിരിക്കും ഉണ്ടാവുക. 5,000mAh ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക. സ്റ്റെയിൻലെസ് സ്റ്റീൽ കേസിംഗുകളുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ഫോണിനുണ്ടാവുമെന്നും റിപ്പേർട്ടുകൾ ഉണ്ട്.
ഇതോടെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകളിൽ ഒന്നായി ഐഫോൺ മാറും. അലുമിനിയം മെറ്റൽ ബോഡിയായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫോൾഡബിൾ ഐഫോണിൽ പുറകിലായി ഒരു പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും.
ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സത്യമാണെങ്കിൽ 2026 ഓടെ ഫോൾഡബിൾ ഐഫോണുകൾ വിപണി കീഴടക്കാനെത്തും. ആപ്പിൾ ആദ്യമായി പുറത്തിറക്കുന്ന ഫോൾഡബിൾ ഫോണിനെ കുറിച്ച് ആപ്പിൾ അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും എക്‌സിൽ (ട്വിറ്ററിൽ) ഇതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഈ ഫോൺ പുറത്തിറങ്ങുകയാണെങ്കിൽ ഈ ദശാബ്ദത്തിലെ ഏറ്റവും നൂതനമായ സ്മാർട്ട്‌ഫോൺ ലോഞ്ചുകളിൽ ഒന്നായിരിക്കും അത് എന്ന് ടെക് രംഗത്തെ പ്രമുഖർ സൂചിപ്പിക്കുന്നുണ്ട്.
പ്രീമിയം ഫോൺ ഇഷ്ടപ്പെടുന്നവർ ഈ ഫോണിനായി കാത്തിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആപ്പിൾ ആണ് ഇറക്കുന്നത് എന്നതിനാൽ തന്നെ ഈ ഫോൾഡബിൾ ഫോണിന് മേൽ പ്രതീക്ഷ ഏറെയാണ്. ഫോൾഡ് ചെയ്യാനുള്ള ഹിഞ്ച് ടെക്‌നോളജിക്ക് മാത്രമായി ഏകദേശം 100 യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഫോൾഡബിൾ ഐഫോൺ ചെലവേറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.