ന്യൂഡൽഹി: ഡല്‍ഹിയിൽ 27 വർഷങ്ങൾക്ക് ശേഷം ബിജെപി അധികാരത്തിലേക്ക് എത്തുമ്പോൾ ഇന്‍ഡ്യാ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ അബ്ദുല്ല എക്സിൽ കുറിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലുണ്ടായ പോരിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ഒമര്‍ അബ്ദുല്ലയുടെ പോസ്റ്റ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എഎപിയും കോൺഗ്രസും മത്സരിച്ചത്. ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എഎപിയും 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്. എന്നാൽ സഖ്യം പിരിഞ്ഞിട്ടും കനത്ത തോൽവിയാണ് എഎപി ഡൽഹിയിൽ നേരിട്ടത്. ബിജെപി ഇതര വോട്ട് ഭിന്നിച്ചുവെന്നാണ് വിലയിരുത്തൽ.
അതേസമയം ഇന്‍ഡ്യാ സഖ്യത്തിന്‍റെ ഭാഗമായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് തലസ്ഥാനത്ത് ജനവിധി തേടിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലൊരു മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനും ആം ആദ്മിക്കും സാധിച്ചില്ല. എന്നാല്‍ നീണ്ട 27 വര്‍ഷത്തിന് ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിജെപി. കേവല ഭൂരിപക്ഷം കടന്ന ബിജെപി 46 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ആം ആദ്മിക്ക് പാർട്ടിക്കെ എതിരായ അഴിമതി ആരോപണവും ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കിയിരുന്നു.അതേസമയം സൗജന്യ വാഗ്ദാനങ്ങളും സർക്കാരിന്‍റെ വികസന പദ്ധതികളും ഉയർത്തിയായിരുന്നു ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിന് നേരിട്ടത്.