ഒരുപ്പാട് യാത്രയിടങ്ങളുള്ള ഒരിടമാണ് ഒഡീഷ. അതിസുന്ദരമായ പ്രകൃതിഭംഗിയും സമ്പന്നമായ സംസ്‌കാരപൈതൃകങ്ങളും ഇടകലര്‍ന്ന ഈ പ്രദേശം സവിശേഷകരമായ അനുഭവങ്ങളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. രണ്ട് മൂന്ന് ദിവസത്തേക്ക് സുന്ദരമായ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുക്കൊണ്ടും മികച്ചൊരുയിടമാണ് ഒഡീഷ.
ബീച്ചുകള്‍ ആണ് ഒഡീഷയുടെ സൗന്ദര്യം. അതില്‍ ഏറ്റവും പ്രശസ്തം പുരി തീരമാണ്. ഇതിനടുത്താണ് പുരി ജഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊണാര്‍ക്ക് സൂര്യക്ഷേത്രം, അടുത്തുള്ള ചന്ദ്രഭാഗ ബീച്ചും ആവേശകരമായ ഒരിടമാണ്. ഈ തീരങ്ങളിലെല്ലാം സര്‍ഫിംഗും മറ്റ് ജലസാസാഹസിക വിനോദങ്ങള്‍ക്കും അവസരമുണ്ട്.
ബിസി 261 ലെ കലിംഗയുദ്ധം നടന്ന സ്ഥലത്ത് നിങ്ങള്‍ക്ക് പീസ് പഗോഡ എന്നറിയപ്പെടുന്ന ശാന്തി സ്തൂപം കാണാം. ഭുവനേശ്വറില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ ധൗലിഗിരിക്ക് സമീപമാണ് ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. കലിംഗയുദ്ധത്തെ തുടര്‍ന്ന് അശോക ചക്രവര്‍ത്തിയുടെ മനംമാറ്റവും തുടര്‍ന്ന് സമാധാനത്തിന് വേണ്ടി അദ്ദേഹം നടത്തിയ നടപടികളെ ആദരിക്കുന്നതിനായി 1973-ല്‍ കലിംഗ നിപ്പോണ്‍ ബുദ്ധ സംഘമാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. ദയ നദിയുടെ തീരത്തുള്ള ഈ പ്രദേശം അതിസുന്ദരമാണ്.
വളരെ പുരാതനമായ ഒരു ക്ഷേത്രമാണ് മുക്തേശ്വര്‍ ക്ഷേത്രം. പത്താം നൂറ്റാണ്ടില്‍ പ്രതാപത്തിലിരുന്ന കലിംഗ ചന്ദ്രവംശി രാജവംശത്തിന്റെതായി ഇപ്പോള്‍ അവശേഷിക്കുന്നത് മുക്തേശ്വര ക്ഷേത്രമാണ്. പരമശിവന് പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ള ഈ ക്ഷേത്രം പത്താം നൂറ്റാണ്ടിലെ ഒരു ശിലയില്‍ തീര്‍ത്ത മികച്ച കലാസൃഷ്ടിയാണ്. ക്ഷേത്രത്തിലെ അതിമനോഹരമായ അലങ്കാരങ്ങള്‍ പുരാണത്തിലെ മനുഷ്യരൂപങ്ങളും സൂക്ഷ്മമായി ചേര്‍ത്തിരിക്കുന്ന ചില രഹസ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടിലെ ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ നിര്‍മിതികളില്‍ ഒന്നായ ലിംഗരാജ ക്ഷേത്രം ഗംഭീരമായ ക്ഷേത്ര രൂപകല്‍പ്പനയുടെ മറ്റൊരു ഉദാഹരണമാണ്.
ഉദയഗിരിയില്‍ ആകെ 18 ഗുഹകളുണ്ട്. ഈ ഗുഹകളും ജൈന വിഭാഗത്തിന് നല്‍കിയതാണ്. ജൈന പണ്ഡിതന്മാര്‍ക്ക് പഠനം നടത്താനും പഠിപ്പിക്കാനും ഒക്കെയായിട്ടുള്ള ഒരു കേന്ദ്രമായിരുന്നു ഉദയഗിരി ഗുഹകള്‍. ജൈനമതത്തില്‍ ആകൃഷ്ടനായ ഖര്‍വേല രാജാവ് ഒരു ദിവസത്തില്‍ കൂടുതല്‍ ഒരിടത്ത് തങ്ങാത്ത സഞ്ചാരികളായ ജൈന പണ്ഡിതന്മാര്‍ക്കായിട്ടായിരുന്നു ഈ ഗുഹാ അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്.