India

പൂജ്യത്തിൽ കോൺ​ഗ്രസിന് ഇത് ഹാട്രിക്; ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ തകർന്നടിഞ്ഞ് പാർട്ടി | congress delhi election app

27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് താമര വിരിഞ്ഞു

രാജ്യതലസ്ഥാനത്ത് ആംആദ്മി സർക്കാർ തകർന്നുവീഴുമ്പോഴും ബിജെപി അധികാരത്തിലേക്ക് എത്തുമ്പോഴും കോൺ​ഗ്രസ് സംപൂജ്യരായി തുടരുന്നു. തുടർച്ചയായി 15 വർഷം രാജ്യതലസ്ഥാനം ഭരിച്ച കോൺഗ്രസ് പാർട്ടിയ്ക്ക് ഇത്തവണയും കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. എന്നാൽ ബി.ജെ.പിയുടെ വിജയത്തിനൊപ്പം കോണ്‍ഗ്രസ്, എ.എ.പി. പാളയത്തിലെ പൊട്ടിത്തെറികളും മറനീക്കി പുറത്തുവരികയാണ്. ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും എ.എ.പിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമല്ലെന്നുമാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റ് എന്‍.ഡി.ടി.വിയോട് പറഞ്ഞത്.

1998 മുതൽ 2013 വരെയുള്ള കാലഘട്ടം മുഴുവൻ ഡൽഹിയെ ഭരിച്ച് നീണാൾവാണിരുന്ന കോൺഗ്രസ്, ആംആദ്മിയുടെ വരവോടെ അദൃശ്യമായി. അഴിമതിയിൽ മുങ്ങിയ രാജ്യതലസ്ഥാനത്തെ കോൺ​ഗ്രസിന്റെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ ചൂലുമായി വന്ന ആംആദ്മി പാർട്ടി ഭരണം കിട്ടിയതോടെ അഴിമതി തന്നെ ആവർത്തിച്ചു. ആപ്പിന്റെ ദുർഭരണത്തിൽ മനംമടുത്ത ഡൽഹി ജനത ​രക്ഷാകരങ്ങളെ തേടിയെങ്കിലും കോൺ​ഗ്രസിനെ കണ്ടഭാവം നടിച്ചില്ല. ഭാവി പ്രധാനമന്ത്രിയായി കോൺ​ഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ​ഗാന്ധിയിലോ, ഭരണഘടന ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് ‘ഷോ’കളിലോ, മനംമയക്കുന്ന കോൺഗ്രസ് വാഗ്ദാനങ്ങളിലോ ഡൽ​ഹി ജനത വീണില്ല.

2013 വരെ 15 വർഷം കൈക്കുമ്പിളിലായിരുന്നു ഇന്ദ്രപ്രസ്ഥം. അന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 31 സീറ്റുകൾ. കേവലഭൂരിപക്ഷത്തിന് 5 സീറ്റുകളുടെ കുറവ്. ആംആദ്മി 28 സീറ്റുകളും ഭരണകക്ഷിയായിരുന്ന കോ​ൺ​ഗ്രസ് വെറും എട്ട് സീറ്റുകളും നേടി. ആപ്പും കൈപ്പത്തിയുമൊന്നിച്ച് ഭരണം തുടങ്ങിയെങ്കിലും ആയുസ്സുണ്ടായത് 49 ദിവസം മാത്രം. തുടർന്ന് രാഷ്‌ട്രപതി ഭരണം. രണ്ടുവർഷങ്ങൾക്കപ്പുറം 2015ൽ ആംആദ്മിയുടെ വമ്പൻ മുന്നേറ്റം. ചൂലെടുത്ത് തൂത്തുവാരിയ ആപ്പ് 70 സീറ്റിൽ 67 ഉം നേടി അധികാരത്തിലേറി. മൂന്ന് സീറ്റുകൾ ബിജെപി നേടി ബിജെപി വീണ്ടും സാന്നിധ്യമറിയിച്ചെങ്കിലും അന്നുമുതൽ അക്കൗണ്ട് തുറക്കാൻ പോലും കോൺ​ഗ്രസിന് യോഗമുണ്ടായില്ല. അഞ്ച് വർഷത്തിന് ശേഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. 2020ൽ സീറ്റുനില അൽപം ഇടിഞ്ഞെങ്കിലും ആപ്പിന് അധികാരത്തുടർച്ച. 62 സീറ്റ് നേടി ആംആ​​ദ്മിക്ക് തുടർഭരണം. മൂന്നിൽ നിന്ന് എട്ട് സീറ്റുകളായി ഉയർത്തി ബിജെപി സാന്നിധ്യം വർദ്ധിപ്പിച്ചു. അപ്പോഴും ഒന്നരപതിറ്റാണ്ട് ഡൽഹി ഭരിച്ച കോൺ​ഗ്രസിന് ആശ്വസിക്കാനായി ഒരു സീറ്റ് പോലും ലഭിച്ചില്ല.

മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാൾ നേരിട്ട കനത്ത അഴിമതി ആരോപണങ്ങൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ഏറ്റുവാങ്ങിയ കുംഭകോണ കേസുകൾ, അഴിമതിയിൽ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പുനൽകിയെത്തിയ ആംആദ്മി സർക്കാർ ഡൽഹിയെ വീണ്ടും അഴിമതിയാൽ മലീമസമാക്കിയപ്പോൾ ജനങ്ങൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ആപ്പിന്റെ കുംഭകോണങ്ങളാൽ രൂപപ്പെട്ട ചെളിക്കുണ്ടിൽ താമര വിരിഞ്ഞു. ഇന്ദ്രപ്രസ്ഥത്തിൽ ഭരണം നിർവഹിക്കാൻ ബിജെപിയെ ഡൽഹി ജനത സ്വാ​ഗതം ചെയ്തു. 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് താമര വിരിഞ്ഞു.