മലപ്പുറ: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഇയാളെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.
ഭര്‍ത്താവില്‍ നിന്ന് മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ പല കുറി വിഷ്ണുജ പരിഹാസം നേരിട്ടു. പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഒരിക്കൽ ഫോണിൽ വഴക്കു പറയുന്നതു കേട്ട് എന്താണു പ്രശ്നമെന്ന് അച്ഛൻ ചോദിച്ചെങ്കിലും പ്രശ്നങ്ങൾ വിഷ്ണുജ വീട്ടുകാരിൽനിന്നു മറച്ചുവച്ചെന്നും ശ്രീകാന്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടിൽ വന്ന് ഒരിക്കൽ പോലും താമസിച്ചിട്ടില്ല.
2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ഒരു വർഷം മുൻപു പ്രബിന്റെ വിവാഹാലോചന വന്നപ്പോൾ വിഷ്ണുജയുടെ വീട്ടുകാർ സാവകാശം ചോദിച്ചിരുന്നു. പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ വിഷ്ണുജ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതു സംബന്ധിച്ചു യുവതി വീട്ടുകാർക്കു സൂചന നൽകിയെങ്കിലും ഭർത്താവുമായി ഒത്തുപോകാൻ വിഷ്ണുജ തന്നെ മുൻകൈ എടുത്തിരുന്നു.