ന്യൂഡൽഹി: 27 വർഷത്തിനു ശേഷം രാജ്യ തലസ്ഥാനത്ത് താമരവിരിഞ്ഞതിന്റെ സന്തോഷം പ്രവർത്തകരുമായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് ശക്തമായ പിന്തുണ നൽകിയ ഡൽഹിയിലെ ജനങ്ങൾക്ക് നരേന്ദ്രമോദി നന്ദി പറഞ്ഞു.
‘‘ജനശക്തിയാണു പരമപ്രധാനം, വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്കു ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നമിക്കുന്നു. ഈ മികച്ച വിജയത്തിൽ ഞങ്ങൾക്ക് എളിമയും ബഹുമാനവുമുണ്ട്. ഡൽഹിയുടെ വികസനത്തിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. അക്കാര്യത്തിൽ ഞങ്ങൾ ഉറപ്പ് നൽകുന്നു.’’ – മോദി എക്സിൽ കുറിച്ചു.
‘‘ബിജെപിയുടെ ഓരോ പ്രവർത്തകനിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ രാപ്പകൽ കഠിനാധ്വാനം ചെയ്താണ് ഈ മികച്ച വിജയത്തിലേക്ക് എത്തിയത്. ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും ഡൽഹിയിലെ ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും’’ – മോദി എക്സിൽ കുറിച്ചു. ഡൽഹിയിലെ വിജയത്തിനു പിന്നാലെ വൈകിട്ട് ബിജെപി ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.