കണ്ണൂര്‍: മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുകൽ വിവരങ്ങൾ പുറത്ത്. ഹോട്ടലുടമയായ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.
ഹോട്ടലുടമയായ ദേവദാസും മറ്റു രണ്ടു പേരും ചേര്‍ന്ന് രാത്രിയിൽ അതിക്രമത്തിന് ശ്രമം നടത്തുന്നതിനിടെ പ്രാണരക്ഷാര്‍ത്ഥമാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. മുമ്പും ഹോട്ടലുടമയായ ദേവദാസിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു.
ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് സ്വഭാവം മാറിയപ്പോള്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് ഹോട്ടലുടമ പറഞ്ഞെങ്കിലും പിന്നീട് ചികിത്സയിലിരിക്കെ ഭീഷണി സന്ദേശം അയച്ചു. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നാണ് വാട്സാപ്പിൽ അയച്ചത്.
കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റിട്ടും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാൻ അവര്‍ ശ്രമിച്ചുവെന്നും ആസൂത്രിതമായാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. അന്നേദിവസം അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ദേവദാസ് റിമാന്‍ഡിലാണ്.