India

കൗരവസഭയിൽ അപമാനിതയായ ദ്രൗപദി; കെജ്രിവാളിന്റെ പതനത്തിന് പിന്നാലെ ദ്രൗപതി വസ്ത്രാക്ഷേപത്തിന്റെ ചിത്രം പങ്കുവെച്ച് സ്വാതി മലിവാൾ | swati maliwal post

ഒരിക്കല്‍ അരവിന്ദ് കേജ്രിവാളിന്റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന സ്വാതി മലിവാള്‍

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. 70 മണ്ഡലങ്ങളിൽ 48 ലും വിജയിച്ച് ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. ആം ആദ്മി ഡല്‍ഹി പാര്‍ട്ടി നിയസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമ്പോൾ രാജ്യസഭാ എംപി സ്വാതി മലിവാളിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വൈറലാവുകയാണ്. ‘രാവണന്റെ അഹങ്കാരത്തിന് പോലും അവനെ രക്ഷിക്കാനായില്ലെ’ന്ന് ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്വാതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപ രംഗത്തിന്റെ ഒരു ചിത്രവും സ്വാതി പങ്കുവെച്ചു.

“ചരിത്രം നോക്കിയാല്‍, ഏതെങ്കിലും സ്ത്രീക്കെതിരേ തെറ്റ് ചെയ്തവരെ ദൈവം ശിക്ഷിച്ചിട്ടുണ്ട്. ജലമലിനീകരണം, വായു മലിനീകരണം, തെരുവുകളുടെ ദയനീയാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ അരവിന്ദ് കെജ്രിവാളിന് തന്റെ സീറ്റ് നഷ്ടപ്പെട്ടു. തങ്ങള്‍ പറയുന്ന കള്ളം ആളുകള്‍ വിശ്വസിക്കുമെന്നാണ് അവര്‍ കരുതുന്നത്. എഎപി നേതൃത്വം അവര്‍ പറഞ്ഞിരുന്നതില്‍നിന്ന് വ്യതിചലിച്ചു. ഞാന്‍ ബിജെപിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തത്. അത് നിറവേറ്റാന്‍ അവര്‍ പ്രവര്‍ത്തിക്കണം”, എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ മലിവാള്‍ പറഞ്ഞു.

ഒരിക്കല്‍ അരവിന്ദ് കേജ്രിവാളിന്റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന സ്വാതി മലിവാള്‍, പിന്നീട് അദ്ദേഹവുമായി പിണങ്ങി. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍വെച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍ തനിക്കെതിരെ അതിക്രമം നടത്തിയെന്ന ആരോപണവുമായി സ്വാതി കഴിഞ്ഞവര്‍ഷം രംഗത്തുവന്നിരുന്നു.

സ്വാതി മലിവാള്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമയം മുതല്‍ അരവിന്ദ് കേജ്രിവാളുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയിരുന്നു. ആം ആദ്മി പാര്‍ട്ടി അംഗമായി നിലനിന്നുകൊണ്ടുതന്നെ കെജ്രിവാളിന്റെ രാഷ്ട്രീയ സമീപനങ്ങളെ മലിവാള്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. സ്ത്രീ സുരക്ഷ, നീതി, ക്ഷേമം എന്നിവയില്‍ കെജ്രിവാളിന്റെ നയങ്ങളില്‍ മലിവാള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഈ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെയാണ് കെജ്രിവാളിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയുള്ള മലിവാളിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ്.

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. അരവിന്ദ് കെജ്രിവാള്‍ ബിജെപിയുടെ പര്‍വേഷ് വര്‍മയോട് പരാജയപ്പെടുകയും ചെയ്തു. ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രി പര്‍വേഷ് ആയിരിക്കുമെന്നാണ് കരുതുന്നത്.