Kerala

‘ഇന്ന് ഡൽഹിയെങ്കിൽ നാളെ കേരളം, ഈ വിധി പിണറായി വിജയനുള്ള പാഠം’; ഡൽഹിയിലെ വിജയത്തിൽ പ്രതികരണവുമായി വി മുരളീധരൻ | v muraleedharan on delhi election result

കേരളം ഇതുപോലൊരു വിധി എഴുത്തിനു സാക്ഷിയാവുമെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ചു. ഈ വിജയം അഴിമതിയ്ക്കും അഹന്തയ്ക്കും എതിരായ വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ജനവിധി വോട്ടർമാരുടെ വിവേകപൂർണമായ വിധിയെഴുത്താണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. കെജ്‌രിവാളിൻ്റെ അഴിമതിക്ക് എതിരായാണ് ജനങ്ങൾ വിധി എഴുതിയത്. മദ്യനയ അഴിമതിയെ തുടർന്ന് അന്വേഷണ ഏജൻസി നടപടി എടുത്തു. അത് രാഷ്ട്രീയ പ്രേരിതമെന്ന കെജ്‌രിവാളിൻ്റെ വാക്ക് ജനങ്ങൾ തള്ളിക്കളഞ്ഞു. പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കെജ്‌രിവാള്‍. ഡൽഹി വിധിയെഴുത്ത് പിണറായി വിജയനും ഒരു പാഠം ആവണം. ഇന്ന് ‍ഡൽഹി എങ്കിൽ നാളെ കേരളമായിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. കേരളം ഇതുപോലൊരു വിധി എഴുത്തിനു സാക്ഷിയാവുമെന്നും അദ്ദേഹം പറഞ്ഞു.

കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മത്സരം കാഴ്ചവെക്കാനായില്ല. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.