കഞ്ഞിക്കുഴി: പുരപ്പുറം നിറയെ കാബേജും കോളിഫ്ലവറും ബ്രൊക്കോളിയും സാലഡിനായി ഉപയോഗിക്കുന്ന ചൈനീസ് ക്യാബേജ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറി വിളവെടുക്കുകയാണ് കഞ്ഞിക്കുഴിയിലെ വീട്ടമ്മയായ അംബികാ മോഹൻ. കഞ്ഞിക്കുഴി പതിനാറാം വാർഡിൽ വീണാ നിവാസ് എന്ന ചെറിയ വീടിന്റെ മുകൾ ഭാഗം നിറയെ പച്ചക്കറികൾ വിളഞ്ഞു കഴിഞ്ഞു. പഞ്ചായത്ത് കൃഷിഭവൻ മുഖേന വീട്ടിൽ ലഭിച്ച ശീതകാല പച്ചക്കറികളുടെ തൈകളാണ് കൃത്യമായ പരിപാലനത്തിലൂടെ വിളവെടുക്കാനായത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ എം സന്തോഷ് കുമാർ ആദ്യ വിളവെടുപ്പ് നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ ബൈരഞ്ജിത്ത്, കർമ്മസേന കൺവീനർ ജി ഉദയപ്പൻ, അംബികാ മോഹൻ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ എഡിഎസ് എക്സിക്യൂട്ടീവ് അംഗവും അഗ്രി റിസോഴ്സ് പേഴ്സനുമായ അംബികാ മോഹൻ തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ്. ചാണകവും കോഴിവളവുമാണ് അടിവളമായിട്ടത്. അൻപതിനടുത്ത് ഗ്രോബാഗിലാണ് കൃഷി നടത്തുന്നത്. വീട് നിൽക്കുന്ന എട്ട് സെന്റ് വസ്തുവിൽ വെള്ളരി, പയർ, ചീര എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
content highlight : housewife-harvests-hundreds-of-thousands-in-winter-crops-in-terrace