പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്കായി വാങ്ങിയ ഭൂമിക്കു ഭൂപരിധി ഇളവു തേടി ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിനെ സമീപിച്ചു. കമ്പനിയുടെ കൈവശമുള്ളതിൽ 15 ഏക്കറിനു മുകളിലുള്ള ഭൂമിക്കു വ്യവസായ ഭൂമി എന്ന ഇളവ് നൽകണമെന്ന ആവശ്യവുമായാണു സംസ്ഥാന ലാൻഡ് ബോർഡിനെ സമീപിച്ചത്. പൊതുതാൽപര്യം മുൻനിർത്തിയുള്ള പ്രത്യേകാവശ്യങ്ങൾക്കായി സ്വകാര്യ സംരംഭകർക്കു 15 ഏക്കറിലധികം കൈവശം വയ്ക്കാൻ ഭൂപരിഷ്കരണ നിയമത്തിനു വിധേയമായി ഇളവു നൽകാറുണ്ട്. 23.59 ഏക്കറാണ് ഒയാസിസ് കമ്പനിയുടെ കൈവശമുള്ളത്.
അപേക്ഷ തുടർനടപടിക്കായി ലാൻഡ് ബോർഡ് കൈമാറിയതിനെത്തുടർന്നു ഡപ്യൂട്ടി കലക്ടർ (എൽആർ), പാലക്കാട് തഹസിൽദാർ, ജില്ലാ വ്യവസായകേന്ദ്രം, എക്സൈസ് വകുപ്പ് എന്നിവരിൽ നിന്നു ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. സ്ഥാപനം ഇത്രയും ഭൂമി കൈവശം വയ്ക്കുന്നതു നിയമാനുസൃതമാണോ, കയ്യേറ്റ ഭൂമിയുണ്ടോ, വ്യവസായശാല ആരംഭിക്കാൻ എത്ര ഭൂമി ആവശ്യമായി വരും, എത്ര പേർക്കു തൊഴിൽ നൽകാൻ കഴിയുന്ന സ്ഥാപനമാണ്, വ്യാവസായിക– സാമൂഹിക പ്രസക്തി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ജില്ലാ കലക്ടറുടെ ശുപാർശയോടെ സമർപ്പിക്കുന്ന റിപ്പോർട്ടാണു സംസ്ഥാന ലാൻഡ് ബോർഡ് പരിഗണിക്കുക.
അതേസമയം, പരിധിയിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ ഒയാസിസ് കമ്പനിക്കു സർക്കാർ ഒത്താശ ചെയ്തതായി വി.കെ.ശ്രീകണ്ഠൻ എംപി ആരോപിച്ചു. പ്രത്യേക അനുമതിയില്ലാതെ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാൻ കഴിയില്ലെന്നിരിക്കെ ഇരുപത്തിനാലോളം ഏക്കറിന് റവന്യു വകുപ്പ് എങ്ങനെയാണു നികുതി വാങ്ങിയത്. കമ്പനിയുടെ വരവു തന്നെ നിയമവിരുദ്ധമാണ് എന്നതിനു തെളിവാണ് ഇതെന്ന് എംപി ആരോപിച്ചു.