എറണാകുളം: പകുതിവില തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണനെ ഇന്ന് എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നുരുന്നിയിലുള്ള അനന്തു കൃഷ്ണന്റെ ഓഫീസ്, മറൈൻഡ്രൈവിലെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ ആകും പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇന്നലെ അനന്തു കൃഷ്ണനെ ഇടുക്കി, കോട്ടയം ജില്ലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ബിനാമി പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കഴിഞ്ഞദിവസവും അനന്തുവിനെതിരെ ഓഫർ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.