ന്യൂഡൽഹി: ഡൽഹി ഭരണം ബിജെപി പിടിച്ചതോടെ സർക്കാർ രൂപീകരണ ചർച്ച ആരംഭിച്ചു. ബിജെപി പാർലമെന്ററി യോഗം ചേർന്ന് വൈകാതെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കും. അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ്മ മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ഡൽഹിയിൽ കാൽനൂറ്റാണ്ടിനു ശേഷം അട്ടിമറി വിജയത്തിലൂടെ ഭരണത്തിൽ എത്തിയ ബിജെപി എത്രയും വേഗം സർക്കാർ രൂപീകരണ ചർച്ചകൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ബിജെപി ദേശീയ നേതൃത്വവുമായുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന് കാര്യത്തിലാകും ആദ്യം തീരുമാനം. പിന്നീട് വകുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് ശർമ മുഖ്യമന്ത്രിയാകണമെന്നാണ് സംസ്ഥാന നേതാക്കളുടെ പൊതുവികാരം.
ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് ശർമ. ഡൽഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദർ ഗുപ്തയുടെ പേരും സജീവ പരിഗണനയിലുണ്ട്.. 2015ലും 2020ലും രോഹിണി സീറ്റ് നിലനിർത്തിയ വിജേന്ദർ ഗുപ്ത ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിട്ടുണ്ട്. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച് ദേവയും മോത്തി നഗറിൽ നിന്ന് വിജയിച്ച ഹരീഷ് ഖുറാനയുടെ പേരും ഉയരുന്നുണ്ട്. രജൗരി ഗാർഡൻ മണ്ഡലത്തിൽ വിജയിച്ച മജീന്ദർ സിംഗ് സിർസക്കും സാധ്യതയുണ്ട്. കൂടാതെ, മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിൻ്റെ മകൾ ബാൻസുരി സ്വരാജും ഡൽഹി മുഖ്യമന്ത്രി പദവിയിലേക്ക് എത്താൻ സാധ്യതയുള്ള നേതാവാണ്. ഡൽഹിയിൽ നിന്നുള്ള എംപിയാണ് ബാൻസൂരി സ്വരാജ്.