ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു. പുലർച്ചെ ഒരു മണിയോടെ മൈസൂരുവിലെ മദ്ദൂരിലാണ് സംഭവം. ടയറിന്റെ ഭാഗത്തു നിന്നാണ് തീപടർന്നത്. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ കത്തിനശിച്ചു. ബാഗിനകത്ത് പണവും വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതായി പല യാത്രക്കാരും പറഞ്ഞു. ടയറിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ബസ് നിർത്തുകയും ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ബസിന്റെ പകുതി ഭാഗവും കത്തിനശിച്ചു. പെരുവഴിയിലായ യാത്രക്കാരെ പിന്നാലെ വന്ന സ്വകാര്യ ബസുകളിൽ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു.