വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹൈക്കോടതിയില്‍ റിട്ട് ഹർജി ഫയൽ ചെയ്തു. ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യൻ്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതുമായ ഡയലോഗുകൾ സിനിമയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് പരാതി.
ക്വീര്‍ അധിക്ഷേപങ്ങളും ഒഴിവാക്കണമെന്നും അതിനായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സിബിഎഫ്‌സി വിസമ്മതിച്ചതിലൂടെ ആർട്ടിക്കിൾ 14 ലംഘിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്‌റ്റ് 2019 ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്‌തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിയ്‌ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിയ്ക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെൻസർ ചെയ്യാനോ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും OTT പ്ലാറ്റ്‌ഫോമുകളിൽ നൽകിയത് ഉൾപ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിന് രാകേഷ് മണ്ടോടിയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബാബു ആന്റണി, പി.പി. കുഞ്ഞികൃഷണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങള്‍.