കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി പള്ളികളിൽ സർക്കുലർ നൽകി. അതിരൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ‘കര്‍ഷകരക്ഷാ നസ്രാണിമുന്നേറ്റം’ എന്നപേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഇടവകാംഗങ്ങളോട് നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് വിമര്‍ശനം.
‘സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അടിസ്ഥാനസൗകര്യവികസനത്തിനും അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമത്തിനും മാറിമാറിവരുന്ന കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ ഇടപെടല്‍ കാര്യക്ഷമമാകുന്നുണ്ടോ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. തൊഴില്‍, വിദ്യാഭ്യാസം, വിശ്വാസം തുടങ്ങിയുള്ള മേഖലകളിലെ തുടരെയുള്ള ന്യൂനപക്ഷാവകാശധ്വംസനവും വേര്‍തിരിവും സമൂഹത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യത്തക്കവിധം ശക്തമായിരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമായ അധ്യാപക- അനധ്യാപകനിയമനങ്ങള്‍ വിവിധകാരണങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നു.
ക്രൈസ്തവരുടെ പരിപാവനമായ ദിനങ്ങളെ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബഫര്‍ സോണുകളുടെയും പരിസ്ഥിതിനിയമങ്ങളുടെയും വന്യജീവിയാക്രമണത്തിന്റെയും വനനിയമനിഷ്‌കര്‍ഷകളുടെയും വഖഫ് നിയമനടപടികളുടെയും ഭീഷണിയില്‍ അനുദിനജീവിതം ക്ലേശകരമായിരിക്കുന്നു. ജനങ്ങളെയും അവര്‍ നേരിടുന്ന ജീവിതയാഥാര്‍ഥ്യങ്ങളെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ വിലയിരുത്തി ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പതിവു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടരുന്നു’, സര്‍ക്കുലറില്‍ പറയുന്നു.
ഫെബ്രുവരി 15-നാണ് പ്രതിഷേധപരിപാടി. മങ്കൊമ്പുമുതല്‍ ചങ്ങനാശ്ശേരിവരെ കര്‍ഷക ലോങ്മാര്‍ച്ചിനും ആഹ്വാനമുണ്ട്. തുടര്‍ന്ന് അവകാശസംരക്ഷണറാലിയും നടത്തും. വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ ഇടവകകളില്‍നിന്ന് ആളുകളെ എത്തിക്കാനാണ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സര്‍ക്കുലറിലുള്ളത്. ഞായറാഴ്ച കുര്‍ബാനമധ്യേ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.