Kerala

എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ ശാലയ്ക്ക് ആദ്യം എതിർപ്പ് ഉന്നയിച്ചത് കൃഷിവകുപ്പ്; ഭൂമിതരം മാറ്റാനുള്ള അപേക്ഷ റവന്യൂ വകുപ്പ് നിരസിച്ചത് കൃഷിവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് | agriculture department rejects elappully brewery plant

എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു

പാലക്കാട്: എലപ്പുള്ളിയിലെ വിവാദമായ മദ്യനിർമാണശാലക്ക് ആദ്യം എതിർപ്പ് ഉന്നയിച്ചത് കൃഷി വകുപ്പ്. ഭൂമി തരംമാറ്റി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി 2024 ആഗസ്ത് 29-ന് കൃഷിവകുപ്പ് ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2008 വരെ ഈ ഭൂമിയിൽ കൃഷി ഉണ്ടെന്നായിരുന്നുവെന്നാണ് എലപ്പുള്ളി കൃഷി ഓഫീസറുടെ റിപ്പോർട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റാനുള്ള അപേക്ഷ ആര്‍ഡിഒ നിരസിച്ചത്.

എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരംമാറ്റാനുള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണമെന്നും ആര്‍ഡിഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. 2008-ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാന്‍ പ്രാഥമികാനുമതി നല്‍കിയത്. നാല് ഏക്കറില്‍ നിര്‍മാണം നടത്താന്‍ ഇളവ് വേണമെന്നായിരുന്നു ബ്രൂവറിക്കായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ. പാലക്കാട് മദ്യനിര്‍മാണശാലയോട് അനുകൂല നിലപാടല്ല കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സിപിഐയ്ക്കുള്ളത്. എന്നാല്‍, ഇത് അവർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.