ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് വിയറ്റ്‌നാമീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ വിന്‍ഫാസ്റ്റ് പ്രദര്‍ശിപ്പിച്ച മൈക്രോ എസ്‌യുവി വിഎഫ്3 ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ വരുന്ന ഇന്ത്യയില്‍ ആദ്യം വിന്‍ഫാസ്റ്റ് പുറത്തിറക്കുന്നത് വിഎഫ്7 ഇലക്ട്രിക് എസ്‌യുവിയാണ്. വരുന്ന ദീപാവലി സീസണില്‍ എത്തുന്ന വിഎഫ്7ന് പിന്നാലെ വിഎഫ്6ഉം എത്തും. 2026ലായിരിക്കും ബജറ്റ് കാറായ വിഎഫ്3 വിന്‍ഫാസ്റ്റ് പുറത്തിറക്കുക.
പ്രീമിയം മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയാണ് വിഎഫ്7. അതേസമയം കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ പെടുത്താവുന്ന വാഹനമാണ് വിഎഫ് 6. ഈ രണ്ട് മോഡലുകളും വിപണി പിടിച്ചതിനു ശേഷം മാത്രമേ ബജറ്റ് വാഹനമായ വിഎഫ്3 പുറത്തിറക്കുകയുള്ളൂ. നിര്‍മാണം പരമാവധി പ്രാദേശികവല്‍ക്കരിച്ച് വില കുറക്കാനുള്ള ശ്രമങ്ങളും ഇതിനിടെ വിന്‍ഫാസ്റ്റ് നടത്തും. വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും കൂടുതല്‍ വലിയ മോഡലുകളായ വിഎഫ്8, വിഎഫ്9 എന്നിവ വിന്‍ഫാസ്റ്റ് വില്‍ക്കുന്നുണ്ട്.
വിൻഫാസ്റ്റ് വിയറ്റാം വിപണിയിൽ കഴിഞ്ഞ വർഷമാണ് ഈ ചെറു ഇലക്ട്രിക് കാർ പുറത്തിറക്കുന്നത്. 3190 എംഎം നീളവും 1676 എംഎം വീതിയും 1622 എംഎം ഉയരവുമുള്ള ഈ ചെറുകാറിന്റെ 25000 യൂണിറ്റുകൾ ആദ്യ വർഷം തന്നെ വിറ്റുപോയി. 40 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് വാഹനത്തിന്. റേഞ്ച് 200 കിലോമീറ്റർ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാം വിപണിയിൽ എത്തിയപ്പോൾ വാഹനത്തിന്റെ ഏകദേശം 8 ലക്ഷം ഇന്ത്യൻ രൂപയായിരുന്നു. 2026 ൽ ഈ ചെറു കാർ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും.
തമിഴ്നാട്ടിൽ നിർമാണശാല സ്ഥാപിച്ച് വാഹനങ്ങൾ അസംബിൾ ചെയ്ത് വിൽക്കാനാണ് വിൻഫാസ്റ്റിന്റെ പദ്ധതി. കാര്‍ ബാറ്ററി നിര്‍മാണവും ഇന്ത്യയില്‍ തന്നെ നടത്താനുള്ള ശ്രമങ്ങളും വിന്‍ഫാസ്റ്റ് നടത്തുന്നുണ്ട്. ഇന്ത്യയെ പോലെ കടുത്ത മത്സരം നടക്കുന്ന കാര്‍ വിപണിയിലേക്ക് ശ്രദ്ധയോടെ കാലെടുത്തു വെക്കാനാണ് വിന്‍ഫാസ്റ്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ബ്രാന്‍ഡ് ഇമേജ് ജനങ്ങളിലേക്ക് വിപുലമായി എത്തിച്ച ശേഷം മതി ജനപ്രിയ കാറുകള്‍ അവതരിപ്പിക്കാനെന്ന തീരുമാനത്തിലാണ് വിന്‍ഫാസ്റ്റ്. വൈദ്യുത വാഹന ചാര്‍ജിങ് അടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെട്ട രീതിയിലുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ചാവും വിഎഫ്7, വിഎഫ്6 മോഡലുകള്‍ വിന്‍ഫാസ്റ്റ് അവതരിപ്പിക്കുക.
content highlight: Vinfast car